Monday, February 4, 2013

ജല്‍പ്പനങ്ങള്‍


അരുത്,
നീയങ്ങിനെ കാണാതെ പോകരുത് ;
നിന്‍ നേര്‍ക്കു നീളുമാ-
തിളക്കമറ്റ കണ്കളും,
ഒട്ടിയ വയറും,
എല്ലുന്തി ശോഷിച്ചരാ-
കുഞ്ഞു ശരീരവും.

അരുത്,
നീ തിരയരുതവന്റെ കെഞ്ചലില്‍ ;
തുടുത്ത കവിളിന്‍ പ്രസാദവും,
അകത്തളങ്ങളിലോമനിക്കും
കുസൃതിക്കിടാവുതന്‍
കൊഞ്ചലിന്‍ ചന്തവും.

ഏതോ പിഴച്ചൊരാ നിമിഷത്തിന്‍
ബധിര വികാര സൃഷ്ടിയവന്‍,
ഭാരമായ് തോന്നിയ ജനനിയെങ്ങോ
കളഞ്ഞിട്ടു പോയ സുകൃതമവന്‍

നിറമേതുമില്ലാ സ്വപ്‌നങ്ങള്‍
കാണുവോന്‍ , ഒരു പച്ച നോട്ടില്‍ ,
നാണയത്തുട്ടിന്‍  കിലുക്കങ്ങളില്‍ ,
വഴിയിലങ്ങാരോ കളഞ്ഞിട്ടു
പോവുമോരോ കളിപ്പാട്ടത്തുണ്ടിലു-
മായിരം മഴവില്ലു കാണുവോന്‍ .

ദയയാല്‍ , ദീനാനുകമ്പയാല്‍
വിരിയുന്ന ചിരികളില്‍ ; വെറുപ്പാല്‍
കറുക്കുന്ന കരാള മുഖങ്ങളില്‍
ഉപജീവനത്തിന്‍ വിത്തുകള്‍ തേടുവോന്‍.

-- -- --

ഒരുദിനം വരുമൊടുവില-
വനിലെ ബോധം സ്വയമുണരാന്‍ .

അന്നവന്‍ , അസ്ഥി ചൂളുമാ-
നോട്ടങ്ങളെ വെറുക്കും,
കത്തിയെരിയുമാ വയറിനെ മറക്കും,
ചുറ്റിലുമുയരും പരിഹാസ തരംഗങ്ങളില-
വന്റെ രോഷം അഗ്നിയായ് ജ്വലിക്കും.

ഒരു പിച്ചാത്തിപ്പിടിയിലൊ-
രു വടിവാളിന്‍ തുമ്പില-
വന്‍ സ്വയം ജീവിതം തിരയും.
ലഹരി സിരകളില്‍ അഗ്നിയായ്
പടരുമ്പോള്‍ അവനീ-
ലോകത്തെ മുഴുവനായ് ജയിക്കും.

മനുഷ്യത്വമെന്നു നീ പേരിട്ടു
വിളിക്കുമാമഹത്വത്തെ
ഹനിപ്പാനെന്‍ ജന്മം
പോലൊരു പാപം കൂടിയീ
മണ്ണില്‍ പിറവികൊള്ളും.

ഇതെന് വെറും ഭ്രാന്തന്‍
ജല്പനങ്ങളെന്നു ധരിയ്ക്ക നീ...
കാണാതെ പോക നീ നിന്‍
നേര്‍ക്ക്‌ നീളും അസ്ഥിശോഷിച്ചോരാ
കുരുന്നു ജീവനെ..

-- -- --