Saturday, February 25, 2012

മാതൃക!!

മാതൃകാ വിദ്യാര്‍ഥി, മാതൃകാ അധ്യാപകന്‍, മാതൃകാ വ്യക്തിത്വം, മാതൃകാ കുടുംബം, മാതൃകാ ദമ്പതികള്‍, മാതൃകാ ഗ്രാമം, മാതൃകാ പോലീസ് സ്റ്റേഷന്‍....
മറ്റുള്ളവര്‍ കണ്ട് പഠിച്ച് അനുകരിക്കേണ്ടുന്നവയ്ക്ക് നാം മാതൃക എന്ന വിശേഷണം നല്‍കി വിളിച്ചു പോരുന്നു. 
വ്യക്തി ജീവിതത്തില്‍ തന്റെ വ്യക്തിത്വത്തില്‍ നിന്ന് വിട്ടുമാറി മറ്റൊരാളുടെ വ്യക്തിത്വത്തെ മാതൃകയാക്കി ജീവിക്കേണ്ടതുണ്ടോ എന്ന് തലപുകഞ്ഞാലോചിക്കാന്‍ സ്വല്‍പ്പം സമയം കൈവശമുണ്ടെങ്കില്‍ എന്റെ കൂടെ കുറച്ചു വായിക്കാം.

കുഞ്ഞുനാളില്‍ എന്നും രാത്രി വൈകി ജോലി കഴിഞ്ഞ് അച്ഛന്‍ കൈയിലൊരു പലഹാരപൊതിയുമായി വീട്ടിലെത്തും.
ഓടിച്ചെന്നു പലഹാരപൊതിയും തട്ടിയെടുത്തു കവിളിലൊരു ഉമ്മയും നല്‍കി തിരിച്ചു പോരുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം.!
അമ്മ തന്നോട് അച്ഛനെ പോലെ വളര്‍ന്നു വലുതാവണം എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ കൈകളില്‍ പലഹാരപൊതിയും പിടിച്ചു രാത്രി താന്‍ വീട്ടിലേക്കു കയറി വരുന്നത് മാത്രമായിരുന്നു ചിന്ത..!

സ്കൂളില്‍ പോയിത്തുടങ്ങിയ കാലം.
ക്ലാസ്സിലെ ഏറ്റവും മാര്‍ക്ക് വാങ്ങിയ കുട്ടിയെ ചൂണ്ടിക്കാട്ടി മാഷ്‌ പറഞ്ഞു.
"കണ്ടോ ഇവനേ. എല്ലാത്തിലും ഒന്നാംസ്ഥാനം വാങ്ങിക്കുന്നെ. നിനക്കൊക്കെ ഇവനെ കണ്ട് പഠിച്ചുകൂടെ ?"
മുഖത്ത് അഹങ്കാരത്തിന്റെ ചിരിയുമായി നില്‍ക്കുന്ന കൂട്ടുകാരനെ സങ്കടത്തോടെ നോക്കി.
സ്വാഭാവികം, പിന്നീട് എന്റെ 'പഠിത്തം' അവനെ അനുകരിച്ചു മാത്രമായി.
അവനെന്തെല്ലാം പഠിക്കുന്നു, എത്ര നേരം വായിക്കുന്നു, എല്ലാം നോക്കി വെക്കണം.
എന്തായാലും പരീക്ഷക്ക്‌ അവന്റെ അത്ര തന്നെ മാര്‍ക്ക് എനിക്കും വേണം.
അങ്ങിനെ വാശിയോടെ സ്കൂള്‍ ജീവിതം മുന്നോട്ട്‌..!!

ഒരുവിധം എല്ലാം കടന്ന് അങ്ങിനെ ഒരു ജോലി കിട്ടി.
മര്യാദക്ക് ജോലി ചെയ്തു ജീവിച്ചു പോകുന്ന ഒരു ദിവസം.
ഒന്നു refresh ചെയ്യാനായി വെറുതെ ഇന്‍റര്‍നെറ്റില്‍ പരതിയിരിക്കുമ്പോള്‍ ഒരു വാചകം കണ്ണിലുടക്കി.
" Everybody wants to be somebody; nobody wants to grow - Johann Wolfgang von Goethe"
ഇതിലെന്തെങ്കിലും സത്യമുണ്ടോ എന്ന് കൂലങ്കുഷമായി ചിന്തിച്ചിരിക്കുമ്പോഴുണ്ട് നമ്മുടെ തലവന്‍ കടന്നുവരുന്നു. കണ്ണില്‍ നോക്കാതെ ഒഴിഞ്ഞു മാറിയ എന്നെ നോക്കി കടുപ്പിച്ചൊരു ചോദ്യം.
"സദാസമയവും ഇന്റര്‍നെറ്റ്‌ നോക്കിയിരിപ്പാണല്ലേ ? നീ ആ ജോണിനെ നോക്ക്. കണ്ടോ അവന്‍ എത്ര നല്ല പയ്യനാണവന്‍, അങ്ങിനെയൊക്കെ ഉള്ളവരെ മതി എനിക്കിവിടെ."
തലതിരിച്ചു ജോണിന്റെ ഭാഗത്തേക്ക് നോക്കി.
ചുറ്റുപാടും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന ഭാവേന കീബോര്‍ഡില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്.
ഇനി എന്തുചെയ്യും ?
എന്തായാലും ഇനി ജോണ് തന്നെ എന്റെ ലക്‌ഷ്യം.
എങ്ങിനെയെങ്കിലും അവനെ പോലെയാവണം. എന്തു വില കൊടുത്തും.
രാത്രിയില്‍ ഓഫീസില്‍ നിന്നിറങ്ങി അവന്റെ മുറിയില്‍ പോകണം.
ഒരു കുപ്പി തുറന്നു മുന്നിലേക്ക്‌ വെച്ചു കൊടുത്താല്‍ ഒത്തിരി സംസാരിക്കുന്ന ജോണില്‍ നിന്ന്‌ ഒരുപാട് പഠിക്കാനുണ്ട്.