Monday, July 30, 2012

വസന്തം

നിദ്ര ചിന്തകള്‍ക്ക്
വഴിമാറി നിന്ന രാത്രിയില്‍
പിന്നിട്ട വഴികളിലെവിടെയോ
കളഞ്ഞു പോയ വസന്തം
തേടുകയായിരുന്നു മനസ്സ്.

ഓര്‍ത്തെടുത്ത വസന്തത്തിന് ;

കുറുമ്പുകാട്ടി കുതറിയോടുന്ന
വെള്ളാരങ്കണ്ണിയുടെ കുസൃതി
നിറഞ്ഞ മുഖമായിരുന്നു;

കുളപ്പടവിലിരുന്നു
കിന്നാരം പറഞ്ഞിരുന്ന
ചുവന്ന ദാവണി തുമ്പിന്റെ
നനുത്ത സുഗന്ധമായിരുന്നു;

അക്ഷരങ്ങള്‍ക്കിടയില്‍
ഒളിച്ചുവെച്ചു കൈമാറിയ
മയില്‍‌പീലി തുണ്ടിന്റെ
തിളക്കമായിരുന്നു.

എന്നും മൌനം
ഘനീഭവിച്ച ശിശിരവും
സ്വപ്നങ്ങളെ എരിച്ച ഗ്രീഷ്മവും
കാലം തെറ്റാതെ
വിരുന്നു വന്നിരുന്നു.

പുതിയൊരു വസന്തത്തിന്
വഴിമാറാന്‍ പഠിപ്പിച്ചു
വര്ഷം നിന്നു പെയ്യുമ്പോള്‍ ;
പോയ വസന്തത്തിന്റെ
നൊമ്പരം വിട്ടു മാറാത്ത ഞാന്‍
തോരാതെ മിഴിവാര്‍ക്കുന്നുണ്ടായിരിക്കും !

Thursday, July 19, 2012

ആരും വാ തുറക്കരുത് !

നട്ടുച്ചയ്ക്ക് സൂര്യന്‍ പുരപ്പുറത്തെ പൊട്ടിയ ഓടിന് ഇടയിലൂടെ മുഖത്തേക്ക് തറപ്പിച്ചു നോക്കിയപ്പോഴാണ് പാപ്പിച്ചേട്ടന്‍ കണ്ണുതുറന്നത് ! തലേരാത്രിയില്‍ തലയ്ക്ക് പിടിച്ച കെട്ട് മുഴുവനായി കണ്ണുകളില്‍ നിന്ന് വിട്ടിട്ടില്ല. ഉടുമുണ്ട് അരയില്‍ മുറുക്കി എഴുന്നേറ്റ് പട്ടി മോങ്ങുന്ന ശബ്ദത്തില്‍ ഒന്ന് കോട്ടുവായിട്ടു ! ദേ.. കട്ടിലിനു കീഴില്‍ നിന്നൊരു പൂച്ച ശരംവിട്ട പോലെ പുറത്തേക്ക് പായുന്നു ! പാപ്പിച്ചേട്ടന്റെ ദിവസം അവിടെ തുടങ്ങി.

പതിവ് ശൈലിയില്‍ വാ തോരാതെ പാട്ടുകള്‍ പാടി ആശാന്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചു. തലേന്നത്തെ 'അങ്ക'ത്തില്‍ മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും മുക്കിലേക്ക്‌ ചുഴറ്റി എറിഞ്ഞ് അയയില്‍ കിടന്ന അലക്കി വെളുപ്പിച്ചവ എടുത്തിട്ട് കുട്ടപ്പനായി. കണ്ണാടിയില്‍ നോക്കി കൊമ്പന്‍ മീശ മുകളിലേക്ക് ശരിയാം വണ്ണം തെറുത്തു വച്ച് അടുക്കളയിലേക്ക് നടന്നു.

തനിക്കുള്ള ഊണ് പാത്രത്തില്‍ വിളമ്പി അടച്ചു വെച്ചിരിക്കണം, അങ്ങിനെയാണ് പാപ്പിച്ചേട്ടന്റെ കല്‍പ്പന ! ഇന്നും കടുകിട തെറ്റിയിട്ടില്ല, ഊണ് റെഡി ! കഴിച്ച് കഴിഞ്ഞ് ഏമ്പക്കവും വിട്ട് ആശാന്‍ ഉമ്മറക്കോലായില്‍ വന്നിരുന്ന് ഒരു ബീഡിക്ക് തീ കൊളുത്തി.

"എരിഞ്ഞു തീര്‍ന്ന ബീഡിക്കുറ്റി എറിഞ്ഞ്‌ കളഞ്ഞ ഉടനെ പാപ്പിച്ചേട്ടന്‍ വീടിന് പ്രദക്ഷിണം വെക്കാന്‍ തുടങ്ങി !" ങേ...! നിങ്ങള്‍ക്കങ്ങിനെയേ തോന്നൂ.. എന്നാല്‍ അങ്ങിനെയല്ല !

ചുറ്റുവട്ടത്തെ പട്ടികള്‍ക്ക് പാപ്പിച്ചേട്ടന്റെ ചെരിപ്പിനോട് അടങ്ങാത്ത അനുരാഗമാണ് ! രാത്രി ഊരിക്കളഞ്ഞ ചെരിപ്പുകള്‍ വല്ല തെങ്ങിന്റെ കടയ്ക്കലോ, കുപ്പത്തൊട്ടിയിലോ ഒക്കെ ചെന്ന് നോക്കിയാലേ കണി കാണാന്‍ കിട്ടുകയുള്ളൂ ! ഇന്ന് എന്തായാലും അധികം അധ്വാനിക്കേണ്ടി വന്നിട്ടില്ല. ഒരെണ്ണം ചവിട്ടു പടിയില്‍ നിന്ന് തന്നെ കിട്ടി. മറ്റൊരെണ്ണത്തിനായുള്ള തിരച്ചിലിലാണ് കക്ഷി.

"രക്ഷയില്ല ! രണ്ടു ചുറ്റു ചുറ്റി" ഇനിയെന്ത് ചെയ്യും എന്ന് ആലോചിട്ടു പടിക്കലേക്കു കണ്ണും നട്ട് ഉമ്മറത്ത്‌ വന്നിരുന്ന പാപ്പിച്ചേട്ടന്റെ കണ്ണുകള്‍ പെട്ടെന്ന്‍ തിളങ്ങി. "ഒരെണ്ണം അതാ ഇന്നലെ പടി കടന്നിട്ടേയില്ല ! "


സമയം നാലര !
പാപ്പിച്ചേട്ടന്‍ യാത്ര തുടങ്ങി. എവിടെക്കാണെന്ന് പറയാതെ തന്നെ വഴിയിലെ കല്ലിനും മുള്ളിനും വരെ അറിയാം. ഇപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും. ഷാപ്പിലെ കള്ള് ആശാന്‍ കൈ കൊണ്ട് തൊടാറില്ല ! നല്ല കളറുള്ള ഫോറിനെ അടിക്കൂ.. അപ്പോള്‍ പിന്നെ ബാറിലേക്ക് തന്നെയാണ്. സംശയം വേണ്ട.

റോട്ടിലൊന്നും പതിവ് പോലെ ആളുകളെ കാണുന്നില്ല. "ഇനിയെങ്ങാനും എല്ലാവരും കൂടെ ബാറിനകത്തേക്ക് കയറിയോ ?" പാപ്പിച്ചേട്ടന്റെ സംശയം ന്യായം ! വാഹനങ്ങളും കുറവ്. ആശാന്‍ നടത്തത്തിന് വേഗം കൂട്ടി.

ബാറിനടുത്തെത്തിയപ്പോഴേക്കും നെഞ്ചിടിപ്പിന്റെ വേഗത കൂടി. തിരക്കൊന്നും കാണുന്നില്ല. മുന്നില്‍ ഒന്ന് രണ്ടു വണ്ടികള്‍ മാത്രമേ പാര്‍ക്ക്‌ ചെയ്തിട്ടുമുള്ളൂ. "ദൈവമേ ! എന്തുപറ്റി ?"

തകര്‍ന്ന മനസ്സോടെ പാപ്പിച്ചേട്ടന്‍ ആ സത്യം വായിച്ചറിഞ്ഞു. "ബാറിന് ഇന്ന് അവധി."

"ങേ ! ഇത്ര വേഗം ഒന്നാന്തിയായോ ?" ഒരെത്തും പിടിയും കിട്ടാതെ പാപ്പിച്ചേട്ടന്‍ നിന്നു വട്ടം കറങ്ങി. ഒന്ന് ചോദിക്കാനും അടുത്ത് ആരെയും കാണുന്നില്ല.

ഇനി ചിന്തിച്ചു നിന്നിട്ട് കാര്യമില്ല. ആശാന്‍ വീട്ടിലേക്കു വെച്ച് പിടിച്ചു. ഇന്ന് കെട്ട്യോള്‍ക്ക്‌ ശമ്പളം കിട്ടിയിരിക്കും. തന്റെ ഓഹരി പെട്ടെന്ന് കൈക്കലാക്കിയില്ലെങ്കില്‍ പിന്നെ അവളതെടുത്തു തിരിമറി നടത്തും. പാപ്പിച്ചേട്ടന്‍ നിലം തൊടാതെ പാഞ്ഞു !

പാപ്പിച്ചേട്ടന്‍ ആ നേരത്ത് ഇരുകാലില്‍ പോകുന്നത് കണ്ട നാല്‍ക്കാലികള്‍ തങ്ങളുടെ ഗ്രൂപ്പിനോട് അനുഭവം കാണിക്കാത്തതിന്റെ പ്രതിഷേധം അറിയിക്കാന്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ചു !!

ആശാന്‍ ഒരുവിധം വീട്ടിലെത്തി. ആഹാ.. കെട്ട്യോള്‍ ഒന്നും അറിയാത്ത പോലെ നിന്ന് പാത്രം കഴുകുന്നു.

"കൊണ്ടടീ എന്റെ കാശ് !"

"കാശോ ? എനിക്കെന്താ നോട്ടടിക്കലാണോ പണി മനുഷ്യാ ?"

തര്‍ക്കുത്തരം പാപ്പിച്ചേട്ടന് സഹിക്കില്ല."ഒന്നാന്തിയായിട്ടു ശമ്പളം കിട്ടിയ കാശെന്തിയേടി ?"

"നിങ്ങള്‍ക്കെന്താ, മാസത്തില്‍ രണ്ടു ഒന്നാന്തിയോ ?" കെട്ട്യോള്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

"ഒന്നാന്തിയായിട്ടു നീ എന്നോട് നുണ പറയേണ്ട. എനിക്ക് ഒറപ്പാ.. ബാര്‍ ഇന്ന് തുറന്നിട്ടില്ല."

"ഹേ മനുഷ്യാ.. ഇന്ന് ഹര്‍ത്താലാ.. ബാര്‍ എങ്ങിനെ തുറക്കാനാ ? ഇന്നലെയല്ലേ ഒരാളെ വെട്ടിക്കൊന്നത് ? അതിനെങ്ങിനാ നിങ്ങള്ക്ക് ബോധം ഉണ്ടായിട്ടു വേണ്ടേ വല്ലതും അറിയാന്‍ ?!"

"ങേ ! എന്നോട് ചോദിക്കാതെ പാര്‍ട്ടിക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചോ ? നിനക്കെങ്കിലും എന്നോട് പറഞ്ഞു കൂടായിരുന്നോ ?" പാപ്പിച്ചേട്ടന്‍ നിന്നു കത്തി.

"ദേ.. വേലിപ്പുറത്ത് അയല്‍ക്കാരെല്ലാം കൂട്ടം കൂടി തുടങ്ങി, ഒന്ന് നിര്‍ത്തുന്നുണ്ടോ നിങ്ങള്.."

"ഞാന്‍ എന്റെ കെട്ട്യോളോട് വഴക്ക് കൂടുന്നതിന് നാട്ടുകാര്‍ക്കെന്താ .."
പാപ്പിചെട്ടന്‍ രണ്ടും കല്‍പ്പിച്ച് പുറത്ത് ചാടി !

ഇനിയാരും മിണ്ടേണ്ട ! വാ തുറന്നു ചിരിക്കുകയും വേണ്ട ! ആശാന്‍ നല്ല ചൂടിലാണ്...

- ശുഭം -


Wednesday, July 11, 2012

ഓരോന്നിനും വേണം ഓരോ യോഗം !

കാര്‍ത്തിക തിയ്യേറ്ററില്‍ നിന്ന് 'പ്രാഞ്ചിയേട്ടന്‍' സെക്കന്റ്‌ ഷോ കണ്ട് ഇറങ്ങി വരുമ്പോഴാണ് ഞാന്‍ ബാബുവിനെ വീണ്ടും കാണുന്നത് ! തിയേറ്റര്‍ കാന്റീനിലെ ബെഞ്ചിലിരുന്ന് ഏതോ സിനിമാവാരിക മറിച്ച് നോക്കുകയാണ് കക്ഷി.

ബാബുവിനെ ഞാനൊന്ന് പരിചയപ്പെടുത്തിത്തരാം. ഞങ്ങള്‍ അഞ്ചാറു കൊല്ലം സ്കൂളില്‍ ഒരുമിച്ചു പഠിച്ചതാണ്. അന്നേ സിനിമ തിയേറ്റര്‍ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ ജീവിതം. അത്യാവശ്യം കൈമണി സംഘടിപ്പിക്കാനായി ആശാന്‍ അവിടത്തെ ചെറിയ പണികളൊക്കെ ഏല്‍ക്കും !  മാറുന്ന സിനിമകളുടെ പോസ്ടറുകള്‍ ചുവരില്‍ ഒട്ടിക്കലാണ് മുഖ്യജോലിസിനിമ പോസ്ടറുകളില്‍ പൊതിഞ്ഞ പുറംചട്ടയുള്ള രണ്ടോ മൂന്നോ പുസ്തകങ്ങളുമായി കക്ഷി ക്ലാസിലെ ഏറ്റവും പിന്നിലത്തെ ബെഞ്ചില്‍ തലയെടുപ്പോടെ അങ്ങിനെ ഇരിക്കും ! അതാണ്‌ ഓര്‍മ്മ.

പത്താം ക്ലാസ് വിട്ടതില്‍ പിന്നെ എനിക്ക് ആളെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഇപ്പോള്‍ ഈ ഇരിക്കുന്ന രൂപവും അന്നത്തെ ബാബുവും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നും ഒറ്റനോട്ടത്തില്‍ എനിക്ക് തോന്നിയില്ല. 

സിനിമ വിട്ട തിരക്ക് ഒന്നൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ അടുക്കലേക്ക് ചെന്നു.

"ബാബുവേ.. നിനക്കെന്നെ ഓര്‍മ്മയുണ്ടോ.. ? "

"ആരടാപ്പാ ഈ പാതിരാത്രിയില്‍" എന്ന ഭാവത്തില്‍ കക്ഷി മുഖമുയര്‍ത്തി. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല, എവിടെയോ കണ്ട പരിചയം ഭാവിച്ച മട്ടില്‍ ഒന്നു ചിരിച്ചെന്നു വരുത്തി.

"എന്താടോ നിന്റെ വിശേഷം ? ഒരു മാറ്റവുമില്ലല്ലോ നിനക്ക് ?!"

"ഓ.. എനിക്കെന്തു വിശേഷം ?! നമ്മളിങ്ങനെ അല്ലറ ചില്ലറ ഏര്‍പ്പാടൊക്കെയായിട്ടു കഴിഞ്ഞു പോവുന്നു"; ഇതൊക്കെ എത്ര കേട്ടതാ എന്നാ മട്ടില്‍ പുള്ളീടെ ഒഴുക്കന്‍ റിപ്ലേ. അതോടെ തീര്‍ന്നു. ആള് പിന്നെയും വായ മൂടിക്കെട്ടി പുസ്തകത്തിലേക്ക് തലതാഴ്ത്തി.

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ..! മടിച്ചു നില്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം പാസ്സാക്കി.

"അല്ല നിന്റെ കല്യാണം കഴിഞ്ഞൂന്നോ.. മക്കളായീന്നോ ഒക്കെ കേട്ടൂലോ.. ? നേരാണോടാ.. ?"

"ആ അതൊള്ളതാ.. കൊച്ചുങ്ങള് രണ്ടായി !" അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു. വിഷയം മാറ്റാനായാണോ എന്തോ ? കക്ഷി എനിക്കിട്ടൊരു ചോദ്യം !

"അല്ലാ.. പടം എങ്ങിനെയുണ്ട് ?"

"തരക്കേടില്ല. സംഭവം, എനിക്കിഷ്ടായി."

"ഇഷ്ടാവും ! നമ്മുടെ രഞ്ജിത്തേട്ടന്റെ സിനിമയല്ലേ ! ആളുടെ ഏതു പടത്തിനും ഒരു മിനിമം ഗ്യാരണ്ടി  ഒക്കെയുണ്ട്. മൂപ്പര്‍ക്കൊക്കെയാ ഇപ്പോ സിനിമ കാണാന്‍ വരുന്നോരുടെ ടേസ്റ്റ് അറിയാ.. അല്ലെങ്കിലിപ്പൊ എന്താ ഇത്ര കഥ ഈ പടത്തില്‍ ?"

വിഷയം സിനിമ ആയതോടെ ആള് കത്തിക്കയറി ! മമ്മൂട്ടിയുടെയും, ലാലേട്ടന്റെയും മറ്റു പുതിയ പടങ്ങള്‍ പൊട്ടി പാളീസായതും പുതിയ സിനിമാക്കാര് ചെക്കന്മാര് ഇംഗ്ലീഷില്‍ നിന്നും ഒക്കെ കോപ്പിയടിച്ച് സിനിമ ഉണ്ടാക്കുന്നതുമെല്ലാം പുള്ളി നല്ല ആവേശത്തില്‍ വെച്ചുകാച്ചുകയാണ് !

സംഭവം പിടിവിട്ടു എന്ന് തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

"അല്ലാ.. സമയം കുറെ ആയല്ലോ, ബാബുവേ നീ ഭക്ഷണം കഴിച്ചോ ?"

"ആ.. അതൊക്കെ ഞാന്‍ എപ്പോഴേ കഴിച്ചു."

"അതെയോ, എന്നാല്‍ ഞാന്‍ കഴിച്ചിട്ടില്ല കേട്ടോ. നല്ല വിശപ്പ്‌. പിന്നെ കാണാം നമുക്ക്  ബാബുവേ.." ഞാന്‍ മെല്ലെ തടിയൂരി.

ബൈക്കില്‍ കയറി ഇരുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യവേ ഒന്നുകൂടി അവനെ നോക്കി. നടുവിലെ പേജ് ആരോ പറിച്ചെടുത്ത സിനിമാ വാരിക പിന്നെയും മറിച്ച് തുടങ്ങിയിരിക്കുന്നു കക്ഷി. എന്നെ കുറിച്ചോ, പഴയ കാലത്തേ കുറിച്ചോ ബാബു ഒന്നും ചോദിച്ചില്ല എന്നത് വിസ്മയത്തോടെ ഞാന്‍ ഓര്‍ത്തു. 

ദൈവമേ ! പണ്ട് ആ ശാരദ ടീച്ചറുടെ ഉപദേശങ്ങള്‍ എല്ലാം ചെവിക്കൊണ്ട് ഈ കാണുന്ന ഉത്സാഹത്തോടെ ആ പാഠപുസ്തകങ്ങള്‍ എങ്ങാനും ഇവന്‍ മറിച്ച് നോക്കിയിരുന്നെങ്കില്‍ ! ഇത്രയും  മനസ്സമാധാനത്തോടെ, ഇത്രേം കൂളായിട്ട് ഈ നേരത്ത് ഈ ബെഞ്ചിമ്മേല്‍ ഇങ്ങനെ ഇരിക്കാന് അവന് കഴിയുമായിരുന്നോ ?! അവന്റെയൊക്കെ ഓരോ തലയിലെഴുത്ത് !

നേരം കുറെയായി, വീട്ടുകാരൊക്കെ ഉറങ്ങിക്കാണും. ധൃതിയില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴിയെ വെച്ചുപിടിക്കുമ്പോള്‍ സ്വയം സമാധാനിച്ചു.  "ആ.. അതാവും പണ്ടുള്ളോര് പറയുന്നേ.. ഓരോന്നിനും വേണം ഓരോ യോഗം !!" 

--ശുഭം -- 

Saturday, July 7, 2012

തസ്കരചരിതം

ഗ്രാമം മിഴിപൂട്ടി ഉറങ്ങി തുടങ്ങുമ്പോഴാണ് അയാള്‍ തന്റെ വീട്ടില്‍ നിന്നും പതിവ് യാത്ര ആരംഭിക്കുക. നടന്നു പരിചയിച്ച വഴിയിലൂടെ അയാളുടെ കാലുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ച വീട്ടിലേക്ക് സാവധാനം സഞ്ചരിക്കും. അവിടുത്തെ അവസാന വെളിച്ചവും അണയാന്‍ മതിലിനു പുറത്ത് അയാള്‍ ക്ഷമയോടെ കാത്തിരിക്കും. പിന്നെ ചുറ്റുമതില്‍ ആയാസമൊട്ടുമില്ലാതെ ചാടിക്കടക്കും. ഒടുക്കം വെളിച്ചം അണഞ്ഞ മുറിയുടെ ജനലരികില്‍ പതിയെ പോയി ചെവികൂര്‍പ്പിച്ചു നില്‍ക്കും. സംസാരങ്ങളെല്ലാം ഒടുങ്ങി മെല്ലെ കേള്‍ക്കുന്ന നിശ്വാസങ്ങള്‍ ഗാഡനിദ്രയിലേക്ക് ആഴ്ന്നിറങ്ങുന്നതാണെന്ന തിരിച്ചറിവില്‍ അയാള്‍ ഒരുക്കം തുടങ്ങും. വീടിനുള്ളില്‍ കൂര്‍ക്കംവലി ഉറക്കെ മുഴങ്ങി തുടങ്ങുമ്പോള്‍ ആദ്യത്തെ ഓട് ഇളക്കി അയാള്‍ താഴോട്ടു നോക്കി ഇരിക്കുകയായിരിക്കും !

ഇന്നും പതിവ് എവിടെയും പിഴച്ചിട്ടില്ല. അയാള്‍ വാച്ചില്‍ സമയം നോക്കി. നേരം ഒരു മണിയോട് അടുക്കുന്നു. താഴോട്ടിട്ട കയറിലൂടെ പതിയെ അകത്തേക്ക് ഊര്‍ന്നിറങ്ങി.

ആദ്യം കണ്ടുപിടിക്കേണ്ടത്‌ അടുക്കളയാണ്‌. വിഷമിക്കേണ്ടി വന്നില്ല, കൊതിയൂറുന്ന ഇറച്ചിക്കറിയുടെ ഗന്ധം വഴികാട്ടിയായി. കഴുകാതെ വാഷ് ബേസിനില്‍ അലസമായി ഇട്ട പ്ലേറ്റുകളില്‍ ചിതറിക്കിടന്ന എല്ലിന്‍ കഷ്ണങ്ങള്‍  ജനലിലൂടെ വന്ന നേരിയ നിലാവിന്‍ വെട്ടത്തില്‍ പല്ലിളിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ അറപ്പോടെ മുഖം തിരിച്ചു. നല്ല വിശപ്പുണ്ടെങ്കിലും ഇനിയിവിടുന്ന് അത്താഴം വേണ്ട, അയാള്‍ പിന്തിരിഞ്ഞു. 

സമയം ഒരുപാടുണ്ട്. ശബ്ദമുണ്ടാക്കാതെ അയാള്‍ വലിയ ഹാളിലെ സെറ്റിയില്‍ വന്നിരുന്നു.
"മോശമാവില്ല ഇന്നത്തെ കോള് "എന്ന് മനസ്സില്‍ കണക്കുകൂട്ടി ഇരുണ്ട വെളിച്ചത്തില്‍ അലസമായി എല്ലായിടത്തും ഒന്നു കണ്ണോടിച്ചു. പെട്ടെന്നാണ് ചുവരില്‍ തൂങ്ങുന്ന വലിയൊരു ഫോട്ടോ ശ്രദ്ധയില്‍ പെട്ടത് ! അയാള്‍ അടുത്തേക്ക് ചെന്ന് നോക്കി.

ഈ വീട്ടിലെ കുടുംബനാഥന്‍ പട്ടാളത്തിലാണെന്ന് അയാള്‍ക്ക്‌ മുമ്പേ അറിയാമായിരുന്നു. ചുവരിലെ ഫോട്ടോയില്‍ എട്ടു-പത്തു പേര്‍, പട്ടാള യൂണിഫോം ധരിച്ച് തോക്കെല്ലാം പിടിച്ച് ഏതോ മലയിടുക്കില്‍ നിന്നെടുത്ത ഫോട്ടോ ആണ്. ചിത്രത്തിനടിയില്‍ രണ്ടു വരി. "നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോളൂ, ഞങ്ങളിവിടെ ഉറങ്ങാതെ കാവലിരിപ്പുണ്ട്." ഈ അടുത്തിടെ കണ്ട ഏതോ സിനിമയില്‍ കേട്ട് മറന്ന ഡയലോഗ് ! അയാളുടെ കണ്ണുകള്‍ വീണ്ടും ചിത്രത്തിലെ മുഖങ്ങളിലേക്ക് തിരികെ പോയി.

അവരില്‍ തലയില്‍ കെട്ട് കെട്ടിയ സിക്ക്കാരുണ്ട്, കണ്ടാല്‍ തമിഴനെന്നു തോന്നിപ്പിക്കുന്നവരുണ്ട്, വെളുത്ത് തുടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ആളാവാം ഇവിടുത്തെ ഗൃഹനാഥന്‍. എല്ലാവരുടെയും മുഖത്ത് അഭിമാനം നിറഞ്ഞു നില്‍ക്കുന്ന പോലെ.. ഞങ്ങളെല്ലാം  നിങ്ങള്‍ക്കായി ഇവിടെ ഉറങ്ങാതെ കാവലിരിക്കയാണെന്ന്  വിളിച്ചു പറയുന്ന പോലെ.. കുറച്ചു നിമിഷങ്ങള്‍ ചിത്രത്തിലേക്ക് തന്നെ നോക്കി അയാള്‍ തിരികെ വന്ന് സെറ്റിയില്‍ ഇരുന്നു.

ഇപ്പോള്‍ അയാളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ ചെറിയൊരു ലാഞ്ചനയുണ്ട്. നാടും വീടും കുടുംബത്തെയും വിട്ട് തന്റെ രാജ്യത്തെ ശത്രുക്കളില്‍ നിന്നും കാത്തുരക്ഷിക്കാന്‍ പോയ ആ ധീരവ്യക്തികളെ ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ മനസ്സില്‍ ആദരവ് തോന്നുന്നുണ്ട്. പതിയെ ആ ഫോട്ടോയില്‍ നിന്നും അയാള്‍ നോട്ടം പിന്‍വലിച്ചു. മനസ്സ് ഒന്ന് പതറിയോ ? തല കുമ്പിട്ട് കുറെ നേരം അയാള്‍ സെറ്റിയില്‍ അതേ ഇരിപ്പിരുന്നു.

രാത്രിയുടെ നിശബ്ദതയെ മുറിച്ച് ക്ലോക്കില്‍ സമയം മൂന്നു മണി അടിച്ചു !

താന്‍ എന്തായാലും ഇവിടെ നിന്നിനി മോഷ്ടിക്കുന്നില്ല എന്ന് തീരുമാനിച്ചുറപ്പിച്ചായിരിക്കാം അയാള്‍ എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് നടന്നു. പതിയെ ശബ്ദമില്ലാതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. കതക്‌  പുറത്തു നിന്ന് ചാരവേ, അയാളുടെ മനസ്സില്‍ എന്തോ ആ കുടുംബത്തിനെ കുറിച്ച് അരക്ഷിതത്വ ബോധം തോന്നിയോ ? ഒരു കുടുംബം ഒന്നുമറിയാതെ അകത്തു കിടന്നുറങ്ങുന്നുണ്ട്.

തിരികെ വീട്ടിനുള്ളിലേക്കു തന്നെ കയറി അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. ഹാളിലെക്കെത്തി താഴേക്ക്‌ തൂങ്ങിയിറങ്ങിയ അതേ കയറിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി. ഇളക്കിയ ഓട്‌ നിറഞ്ഞ മനസ്സോടെ യഥാസ്ഥാനത്ത് ഉറപ്പിച്ചു വെക്കുമ്പോള്‍ മേഘകൂട്ടത്തിനിടയില്‍ മറഞ്ഞിരുന്ന അമ്പിളി പുറത്ത്‌ വന്ന് വെളുക്കെ ചിരിച്ചു. വല്ലാത്ത നിറവോടെ, ആഹ്ലാദത്തോടെ.. !

Sunday, July 1, 2012

മനസ്സില്‍ ഒരു തോരാമഴ.

"എന്റെ പേര് സുലൈമാന്‍ന്നാ. "

"ഹേയ്‌,  ഇങ്ങളൊക്കെ ന്താ ഇങ്ങനെ അന്തിച്ചു നോക്കണേ ? "
"എന്റെ താടീം മുടീം ഈ കരിപിടിച്ച കുപ്പായവുമൊക്കെ കണ്ടിട്ടാ ?"
"ന്നാ ഇങ്ങള് കേട്ടോളീന്‍ എനിക്ക് യാതോരു കുഴപ്പവുമില്ല. "

"ഈ നശിച്ച മഴ പെയ്തതോണ്ട് ഓടികേറിയതല്ലേ ഇങ്ങളൊക്കെ ഈ പീടികകൊലായിമ്മേല്. ഇനിയിപ്പോ അത് തോരണ വരെ ഇങ്ങള് എന്റെ കഥ കേക്കണം. എന്നിട്ട് പറയണം എന്താ എനിക്ക് കൊഴപ്പംന്ന്. "

"കുരുത്തംകെട്ട നേരത്താ എപ്പളും ഈ  മഴ പെയ്യാ. !"
അപ്പൊ ഇങ്ങള്‍ക്ക്‌ തോന്നും എനിക്ക് മഴയോടെന്താ ഇത്ര ദേഷ്യംന്ന്. എനിക്ക് മഴയോട് ഒരു ദേഷ്യോം തോന്നാത്ത, പെരുത്ത് ഇഷ്ടംണ്ടായിരുന്ന കാലം ഉണ്ടായിരുന്നു.

"പണ്ട് ചന്നം പിന്നം മഴ പെയ്യണ ദിവസായിരുന്നു എന്റെ ഉപ്പാന്റെ കയ്യിമ്മേല്‍ തൂങ്ങീട്ടു ഞാന്‍ സ്കൂളിന്റെ പടി ആദ്യായിട്ട് കാണണത്. പിന്നെ ഒറ്റയ്ക്ക് കൊട ചൂടി മഴേത്ത് നടക്കണത്, സ്കൂളീ പോണത്... ഹാ...എന്തൊരു രസായിരുന്നൂ അന്നൊക്കേന്നോ ! "

പിന്നെങ്ങോട്ട്‌ മഴ എന്റെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ ഉണ്ടായിരുന്നു.

പത്തില് പഠിക്കുമ്പോഴാണ് എന്റെ ഉമ്മ മരിക്കണത്. ഉമ്മാന്റെ മയ്യത്തിന്റെ അടുത്തുനിന്ന് എങ്ങി കരഞ്ഞോണ്ടിരുന്ന ഉപ്പ ഞാന്‍ നോക്കുന്നത്  കണ്ടപ്പോ മഴയത്തേക്ക് ഇറങ്ങി നിന്നിട്ട് എന്നെ അടുത്തേക്ക് വിളിച്ചു.

"മോന്‍ കരയണ്ടാട്ടോ, ഉമ്മ പടച്ചോന്റെ അടുത്തെക്കല്ലേ പോയെ.." ഉപ്പ അത് എന്നോട്  പറയുമ്പോ ഞാന്‍ ഉപ്പാന്റെ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി. ഒഴുകി വരുന്ന മഴവെള്ളമല്ലാതെ ഉപ്പാന്റെ കണ്ണ് നിറഞ്ഞിരുന്നോന്നു കാണാന്‍ എനിക്ക് കഴിഞ്ഞില്ല.  

ഉമ്മ മരിച്ചതില്‍ പിന്നെ ഇന്നോട് പഠിത്തം നിര്‍ത്തിക്കോന്നു പറഞ്ഞു ഉപ്പ. ഒരു ദിവസം  രാവിലെ ഈ അങ്ങാടീല്‍ക്ക് കൂട്ടീട്ട് വന്നു. അങ്ങിനെ പിന്നെ ഞാന്‍ ഇവിടെ ഉപ്പാന്റെ കൂടെ ചൊമടെടുക്കാനും ലോഡെറക്കാനും തൊടങ്ങി.

കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഒരു രാത്രി ഉപ്പ പറഞ്ഞു. "നാളെ ഇയ്യ് അബ്ദൂന്റെ കൂടെ ഒരിടം വരെ പോണം. ഓനൊരു പെണ്ണിനെ അനക്ക് നോക്കി വെച്ചിട്ടുണ്ട്."

അബ്ദുക്കാന്റൊപ്പം കൊടേം ചൂടി ഞാന്‍ കദീജാന്റെ പെരേലെത്തുമ്പോ ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു. തണുത്ത് വിറച്ച് അങ്ങിനെ പെണ്ണ് കാണാനിരുന്നു. പൊറത്ത് മഴ പെയ്യുമ്പോ ഓള് രണ്ടു ഗ്ലാസില്‍ കട്ടന്‍ ചായയുമായിട്ട് ഞങ്ങടെ മുമ്പിലേക്ക് വന്നു.

"ഒന്നേ ഓളെ ഞാന്‍ നോക്കിയോള്ളൂ. എനിക്ക് ഇഷ്ടായി. അല്ല ആര്‍ക്കും ഓളെ ഇഷ്ടാവും."

ഉപ്പാനെ ഇങ്ങട്ട് അയക്കാംന്നു വാക്ക് പറഞ്ഞ് അബ്ദുക്കാന്റെ കൂടെ മഴയത്തേക്ക് ഇറങ്ങുമ്പോ എന്റെ ഖല്ബ് നിറയെ സ്വപ്നങ്ങളായിരുന്നു. മഴ ആര്‍ത്തു പെയ്യണതും ആകെ നനഞ്ഞു കുതിരുണതും ഒന്നും ഞാന്‍ അറിഞ്ഞില്ല.

അങ്ങിനെ ഞങ്ങടെ കല്യാണം കഴിഞ്ഞു. വൈകാതെ ഒരു കുട്ടിയും ആയി. ഞങ്ങള്‍ ഓളെ സുഹറാന്നു വിളിച്ചു. ശരിക്കും സ്വര്‍ഗ്ഗായിരുന്നു എന്റെ വീട്. സന്ധ്യക്ക്‌ ഈ ഭാരിച്ച പണിയൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോ ക്ഷീണമെല്ലാം മറക്കണത് ഓള്‍ടെ ചിരിയും കളിയുമൊക്കെ കണ്ടിട്ടായിരുന്നു.

കൊല്ലം കൂടും തോറും എന്റെ സുഹറായും വലുതായി, സ്കൂളില്‍ ചേര്‍ക്കേണ്ട പ്രായമായി.

ഇവിടെ ഈ കാണുന്ന എല്‍.പി സ്കൂളിലാ ഞങ്ങള്‍ ഓളെ ചേര്‍ത്തത്. രാവിലെ എന്റെ കൂടെ ഓള് സ്കൂളില്‍ക്ക്  വരും, വൈകുന്നേരം കദീജയാണ് വരാറ് ഓളെ വീട്ടിലേക്കു കൂട്ടീട്ടു പോകാന്‍.

അങ്ങിനെയിരിക്കെ നല്ല മഴ പെയ്ത ഒരു വൈകുന്നേരം. ഈ കടേന്റെ മുമ്പില്‍ നിന്ന് ഞാന്‍ ലോഡെറക്കായിരുന്നു. സ്കൂള്‍ വിട്ട നേരം, കദീജ സുഹറാന്റെ കയ്യും പിടിച്ചു റോഡ്‌ മുറിച്ചു കടക്കുകായിരുന്നു. സ്പീഡില്‍ വന്ന ഒരു ലോറി രണ്ടാളേം ഇടിച്ചു തെറിപ്പിച്ചു ! "മഴ പെയ്തതോണ്ട് ചെലപ്പോ ലോറി വരണത് കണ്ടിട്ടുണ്ടാവില്ല അവര്."

ഓടി ചെന്ന് സുഹറാനെ വാരി എടുത്തപ്പോ തുറന്നു പിടിച്ച ഓളുടെ വായേന്നു ചോര വരണുണ്ട്. അപ്പഴേ ഓടി ഞാന്‍ ഓളേം കൊണ്ട് ആശുപത്രീക്ക്, അത്രേം വേഗം ഞാന്‍ ഓളെ കൊണ്ട് ചെന്നിട്ടും ഡോക്ടര്‍ എന്നോട് പറഞ്ഞു ഓള് മരിച്ചുന്ന് !

ഞാന്‍ വിശ്വസിക്കോ..!

സുഹറാനേം എടുത്തു തിരിച്ചോടി എന്റെ കദീജാന്റെ അടുത്തേക്ക്.  റോട്ടിലോക്കെ നോക്കീട്ടും ഓളെ കണ്ടില്ല, തിരിച്ച്  ആശുപത്രീല്‍ വന്നു നോക്കുമ്പോ ഉണ്ട് ഒരു വണ്ടീമ്മല്  കെടക്കണ് വെള്ള പൊതപ്പും തല വരെ മൂടീട്ട്...!

"ഈ മഴയാ, നശിച്ച ഈ മഴയാ എന്റെ ജീവിതം തൊലച്ചത്. "

അതിന്റെ ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഈ സ്കൂള്‍ വിടുമ്പോ ഞാന്‍ ഇവിടെ  ഉണ്ടാവും, ഈ കുഞ്ഞു മക്കളെ റോഡു മുറിച്ചു കടത്തിക്കാന്‍, അങ്ങിനെ ഇനിയീ മഴ വേറെ ഒരാളേം പടച്ചോന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോവേണ്ട !

ഇനി ഇങ്ങള് പറയിന്‍ ഞാന്‍ ചെയ്യണതല്ലേ ശരി ?

വേണ്ട ഇങ്ങള് ആരും ഒന്നും പറയേണ്ട.. മഴ തോര്‍ന്നത് കണ്ടില്ലേ, എല്ലാരും പോയിക്കോളിന്‍. വീട്ടില് ഇങ്ങടെ കെട്ട്യോളും കുട്ട്യോളും ഒക്കെ കാത്തിരിക്കണുണ്ടാവും.

മഴ തോര്ന്നാല്‍ പിന്നെ എന്റെ പരാതീം പറയാനുള്ളതും ഒക്കെ തീര്‍ന്നു.
സ്കൂള്‍ വിട്ടത് കണ്ടില്ലേ, എനിക്ക് ആ കുഞ്ഞുമക്കളെ റോഡു മുറിച്ചു കടത്തണം.
വേഗം അടുത്ത മഴ വരുന്നതിനു മുമ്പേ ഇങ്ങള് വീട് പിടിച്ചോളിന്‍...!

--------

Monday, June 4, 2012

അന്നാമ്മച്ചിയുടെ ആത്മഗതം.

തന്റെ മക്കളുടെ
ഭാര്യമാര്‍ തമ്മിലുള്ള
കലഹം തുടങ്ങിയത്
രണ്ടാമത്തെ മരുമകള്‍
വീട്ടില്‍ കാലെടുത്തു
കുത്തിയപ്പോള്‍ മുതലെന്ന്
അന്നാമ്മച്ചി നാട്ടില്‍
നടന്ന് പറയാറുണ്ട്‌.

കാലത്ത് ഉമ്മറത്ത്‌
എത്തുന്ന ഇംഗ്ലീഷ്
പത്രത്തിനായി
തുടങ്ങുന്ന അങ്കം
രാത്രി അടുക്കളയിലെ
ലൈറ്റ് അണക്കാന്‍
പരസ്പരം ആജ്ഞ
പുറപ്പെടുവിക്കുന്നിടത്താണത്രേ
ഒരുവിധം അവസാനിക്കുന്നത്.

മത്സരിച്ചുള്ള സല്ക്കരിക്കല്‍ 
കാരണം വീട്ടിലേക്കു
വിരുന്നുകാരോന്നും
വരാതെയായി.
ആകെ കിട്ടിയ മെച്ചം !

ഇന്ന് സന്ധ്യക്ക്‌
ടിവിയില്‍ സീരിയല്‍
കണ്ടിരിക്കുമ്പോഴാണ്
അന്നാമ്മച്ചിയുടെ
കണ്ണും മനസ്സും
ഒരുമിച്ചു നിറയുന്നത് !

വിവാഹം കഴിഞ്ഞ
അടുത്ത ദിവസം
അമ്മായിയമ്മയുമായി
വഴക്കിട്ടതിന്
ഭര്‍ത്താവ് നായികയെ
കൈയൊഴിയുന്ന സീന്‍
കണ്ട് രണ്ടുപേരും
കണ്ണ് തുടക്കുന്നു.
അടുത്ത എപ്പിസോഡില്‍
എല്ലാം ശരിയാവുമെന്ന് 
പറഞ്ഞ് പരസ്പരം
ആശ്വസിപ്പിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു. 

കണ്ണ് തുടച്ച്
ദൈവത്തിന് നന്ദി
പറഞ്ഞുകൊണ്ട്
അന്നാമ്മച്ചിയുടെ
ആത്മഗതം.
"അന്ന്യന്റെ സങ്കടത്തില്‍
ഉള്ളുരുകുന്നു
ദൈവഭയമുള്ള കുട്ടികള്‍."

അത് കേട്ടോ ആവോ,  
ചുമരിലിരുന്ന പല്ലി
ഉറക്കെ ചിരിച്ചു.
അന്നാമ്മച്ചി ഉറപ്പിച്ചു.
സത്യം !!!

Thursday, May 31, 2012

രാത്രിമഴയില്‍ നനഞ്ഞ്..

സമയം രാത്രി പത്തു പതിനൊന്നു മണി ആയിക്കഴിഞ്ഞു. അപ്പോഴും ഇടയ്ക്കിടെ ചാറി കൊണ്ടുനിന്ന മഴയെ ശപിച്ച് റഷീദ്‌ ഇരുട്ടിലൂടെ ബൈക്കും തള്ളി നടക്കുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്നവഴിയാണ് സുഹൃത്തിന്റെ അച്ഛന് തീരെ സുഖമില്ലെന്ന വിവരം അറിയുന്നത്. അവിടെയൊന്നു കയറി,  സംസാരിച്ചിരുന്നപ്പോള്‍ സമയം കുറച്ച് വൈകി. അതിന്റെ കൂടെയിപ്പോള്‍ ബൈക്കും വഴിയില്‍ വെച്ച് തകരാറിലായിരിക്കുന്നു.

വീട്ടിലേക്ക് മൂന്നു നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ. സ്ഥിരം സഞ്ചരിക്കുന്ന വഴിയായതിനാല്‍ ബൈക്കും തള്ളി നടക്കാമെന്ന് കരുതി. സന്ധ്യക്ക് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് കണ്ടപ്പോഴേ ഓര്‍ത്തതാണ് രാത്രി മഴ പെയ്യുമെന്ന്. പക്ഷെ ഇതിങ്ങനെ രാത്രിയില്‍ മഴയും കൊണ്ട് നടക്കേണ്ടി വരുമെന്ന് ഒട്ടും കരുതിയതല്ല. എന്തായാലും കുറച്ചു ദൂരം കൂടിയേ ഉള്ളൂ. മഴത്തുള്ളികളുടെ വേഗം കൂടുന്നതിനനുസരിച്ച് റഷീദിന്റെ നടത്തത്തിന്റെ വേഗതയും കൂടി വന്നു. 

കുത്തനെയുള്ള ഇറക്കം ഇറങ്ങി വളവു തിരിഞ്ഞപ്പോള്‍ പെരുമ്പലം കവലയിലെ അപ്പുണ്ണി നായരുടെ ചായക്കടക്ക് മുന്നില്‍ കത്തിനില്‍ക്കുന്ന തെരുവിളക്കിന്റെ മങ്ങിയ വെളിച്ചം കണ്ടു. പെട്ടെന്നാണ് മഴയ്ക്ക് ശക്തി കൂടി തുടങ്ങിയത്. എവിടെയെങ്കിലും കയറി നിന്നേ മതിയാവൂ. കവല എത്തുന്നതിനു മുമ്പേയുള്ള വാസുദേവമേനോന്റെ പറമ്പിലെ പണി തീര്‍ന്നു തുടങ്ങിയ ബഹുനില കെട്ടിടം തന്നെ ഇനി ആശ്രയം. ബൈക്ക് സ്റ്റാന്‍ഡില്‍ നിര്‍ത്തി കെട്ടിടത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഇരുണ്ട വെളിച്ചത്തില്‍ കണ്ട ബോര്‍ഡ്‌ റഷീദ് ഇങ്ങനെ വായിച്ചു. "ആവശ്യക്കാര്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കപ്പെടും." 

പരുക്കനായി സിമന്റിട്ട കെട്ടിടത്തിനുള്ളിലെ പടിയില്‍ ഇരുന്ന് റഷീദ് പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത്‌ സമയം നോക്കി. നേരം പന്ത്രണ്ടോടുക്കുന്നു. പുറത്തു മഴ തകര്‍ത്തു പെയ്തു തുടങ്ങി. അകത്തേക്ക് അടിച്ചു കയറുന്ന ഈറന്‍ കാറ്റില്‍ വെള്ളത്തുള്ളികള്‍ മുഖത്ത് വന്നടിച്ചപ്പോള്‍ എഴുന്നേറ്റ് കുറച്ചു പിന്നിലേക്ക്‌ മാറിയിരുന്നു.

കെട്ടിടത്തിനുള്ളില്‍ ചാരി വെച്ചിരുന്ന മുളക്കമ്പുകളും മരകഷ്ണങ്ങകളും മിന്നല്‍ വെളിച്ചത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രാത്രിയായാല്‍ ഈ വഴിയേയുള്ള ആള്‍സഞ്ചാരം തന്നെ വിലക്കിയിരുന്ന പണ്ടുകാലത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. റഷീദിന്റെ മനസ്സ് ഓര്‍മ്മകള്‍ പതിയെ പൊടി തട്ടിയെടുത്തു തുടങ്ങി.  

പണ്ട്, തന്റെയൊക്കെ കുട്ടിക്കാലത്ത് ഈ ചുറ്റുപാടുള്ള സ്ഥലങ്ങളും നിലങ്ങളുമെല്ലാം വാസുദേവ മേനോന്റെ അച്ഛനായിരുന്ന വിശ്വനാഥ മേനോന്റെ ഉടമസ്ഥതയിലായിരുന്നു. സ്വന്തം ഇഷ്ടത്തിന് മാത്രം ജീവിച്ചിരുന്ന പ്രൌഡ പ്രതാപിയായ നാട്ടുകാരണവര്‍. എതിര്‍ത്ത് പറഞ്ഞവരെയൊക്കെ ഇല്ലാതാക്കാന്‍ പ്രതാപിയായ കാരണവര്‍ക്ക്‌ അശേഷം മടിയുണ്ടായിരുന്നില്ല.

ഇന്നത്തെ ഈ റോഡിന്റെ സ്ഥാനത്ത് അന്ന് ചെറിയ ഇടവഴിയായിരുന്നു. ഇടവഴിക്കിരുവശവും മേനോന്റെ അടിയാളര്‍ കുടിലുകള്‍ കെട്ടി കുടുബങ്ങളും കൂട്ട്കുടുംബങ്ങളുമായി പാര്‍ത്ത് പോന്നു. അവിടെ പാര്‍ത്തിരുന്ന മേനോന് വഴങ്ങാത്ത ഒരു പെണ്ണും, എതിര്‍ത്ത ഒരു പുരുഷനും അധികം നാള്‍ ജീവിച്ചിരിക്കാറുണ്ടായിരുന്നില്ല.

പൊട്ടക്കിണറ്റില്‍ പൊങ്ങിക്കിടന്ന കാളിയുടെ ശരീരവും അത് കുഴിച്ചു മൂടി ഏറെ നാള് തീരും മുന്നേ  കൊയ്ത്തു തീര്‍ന്ന പാടത്ത് ശ്വാസം മുട്ടി ചത്ത നിലയില്‍ കിടന്ന അവളുടെ കണവനെയും റഷീദിന് ഓര്‍മ്മ വന്നു. അങ്ങിനെ പിന്നെയും എത്രയോ പേര്‍. മുഖങ്ങളും പേരുകളും ഓരോന്നായി ഓര്‍മ്മ വരുന്നുണ്ട്. നെഞ്ചു വിരിച്ചു നടന്നിരുന്ന കോത, അവന്റെ പെണ്ണ് അമ്മിണി, രാമന്‍, തെയ്യന്‍...

നാട്ടുകാര്‍ മേനോന്റെ പേര് മുറുമുറുത്തിരുന്നുവെങ്കിലും ഉച്ചത്തില്‍ ശബ്ദമുയര്‍ത്താനോ എതിര്‍ക്കാനോ ആരും ധൈര്യപ്പെട്ടില്ല. ഇന്നീ കെട്ടിടം ഇരുന്നിടത്താണ് അവരെയെല്ലാം വലിച്ചു കുഴിച്ചുമൂടിയിരുന്നത്. കരുത്തനായ ദീര്‍ഘകായനായിരുന്നു മേനോന്റെ കാര്യസ്ഥന്‍ കേശവന്‍.  ഇക്കൂട്ടത്തിലെ ആര് എവിടെ മരിച്ചു കിടക്കുന്നുണ്ടെങ്കിലും കേശവന്‍ ആളെ ഏര്‍പ്പാടാക്കി ഈ വെളിമ്പറമ്പില്‍ വെട്ടി മൂടും. കുറെ ജന്മങ്ങള്‍ അങ്ങിനെ തീര്‍ന്നു. കുഴി മൂടുമ്പോഴും ചാത്തന്റെ പെണ്ണിന് ജീവനുണ്ടായിരുന്നു എന്ന് ആരോ പറഞ്ഞ് നാട്ടില്‍ പാട്ടായി. രാത്രിയായാല്‍ ഈ വഴി നടക്കുമ്പോള്‍ കുഴിയില്‍ നിന്ന് ചാത്തന്റെ പെണ്ണിന്റെ കരച്ചില്‍ കേള്‍ക്കാറുണ്ടത്രെ.

മനസ്സ് പിടികിട്ടാതെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ തേടി അലഞ്ഞപ്പോള്‍ റഷീദ് അസ്വസ്ഥതയോടെ കണ്ണുകളടച്ചു.

ഇന്ന് പക്ഷെ കാലം ഏറെ മാറിയിട്ടുണ്ട്. തലമുറകള്‍ മാറി. ജന്മി പണിയാളര്‍ അടിമത്തമില്ല. മനോഭാവമില്ല. വാസുദേവ മേനോന്‍ മരിച്ചു പോയ അച്ഛന്റെയത്ര പ്രമാണിയായിരുന്നില്ല. എങ്കിലും ഗവണ്മെന്റ് ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ധേഹത്തെ നാട്ടുകാര്‍ ഏറെ ബഹുമാനിച്ചിരുന്നു.

റോഡിനായി ഇടവഴി വീതി കൂട്ടിയപ്പോള്‍ കുടിലുകളെല്ലാം പൊളിച്ചുമാറ്റി. കുടുംബ സ്വത്തുക്കളായ നിലങ്ങളും പറമ്പുകളുമെല്ലാം ഭാഗിച്ചു തീര്‍ന്നപ്പോള്‍ കൃഷിയും മറ്റും കുറഞ്ഞു വന്നു. തറവാട്ടിലെ പണിയാളരുടെ പുതിയ തലമുറകളെല്ലാം ഓരോവഴിക്ക് ജീവിത മാര്‍ഗങ്ങള്‍ അന്വേഷിച്ചു പോയി.

എങ്കിലും വാസുദേവ മേനോന്റെ മക്കള്‍ പഴയ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ്. മണ്ണിന്റെ മൂല്യം മനസ്സിലാക്കിയാവും കുറെയേറെ സ്ഥലമൊക്കെ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ഉള്ള പാടങ്ങളെല്ലാം മണ്ണിട്ട്‌ നികത്തി തെങ്ങും കവുങ്ങും വെച്ച് കൃഷി പറമ്പാക്കി മാറ്റുകയാണ്. റോഡിനിരുവശവും കെട്ടിടങ്ങള്‍ കെട്ടി ആവശ്യക്കാര്‍ക്ക് വാടകക്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. അനാഥ പ്രേതങ്ങളെ മറവു ചെയ്തിരുന്ന താന്‍ ചവിട്ടി നില്‍ക്കുന്ന ഈ വെളിമ്പറമ്പില്‍ വരെ ബഹുനിലകെട്ടിടം ഉയര്‍ന്നിരിക്കുന്നു. വെട്ടിപ്പിടിച്ചു മുന്നേറാന്‍ ഈ തലമുറ വളരെ മിടുക്കരാണ്. അഭിനന്ദിക്കാതെ തരമില്ല.

ചിന്തകളെ മുറിച്ചു കൊണ്ടൊരു മിന്നല്‍ പിണര്‍ മണ്ണിലേക്കിറങ്ങി വന്നു പുറകെ ദിഗന്തം പൊട്ടുമാറ് മുഴക്കവും. റഷീദ് പുറത്തേക്കിറങ്ങി നോക്കി. മഴ കുറഞ്ഞിരിക്കുന്നു. കാറ്റിനു പക്ഷെ ശക്തി കൂടിയിട്ടുണ്ട്.

പടിയിറങ്ങുമ്പോള്‍ ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് പതിഞ്ഞ നിലവിളി ശബ്ദം കേള്‍ക്കുന്ന പോലെ.  ചാത്തന്റെ പെണ്ണിന്റെ  തേങ്ങലാണോ അതോ കാറ്റിന്റെ വികൃതിയോ.

ഏതായാലും ഇനി മഴ വരുന്നതിനു മുന്‍പ് വീട് പിടിക്കണം. റഷീദ് ബൈക്ക് സ്റ്റാന്‍ഡില്‍ നിന്നിറക്കി തള്ളികൊണ്ട് നടത്തം തുടങ്ങി.

പുറകില്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് ആ തേങ്ങല്‍ ഇപ്പോഴും ഉയരുന്നുണ്ട്.

Wednesday, May 30, 2012

കാറ്റിന്റെ ദുഃഖം.

ഇത്തിരി സുഗന്ധം
കടം കൊള്ളാനായ്
പുലരിയില്‍ പൂമരത്തെ
തഴുകി തലോടി
ചുറ്റിക്കറങ്ങിയ കാറ്റ്
സൂര്യന്റെ കൂര്‍ത്ത
നോട്ടത്തില്‍
പേടിച്ച് ഇലത്തുമ്പില്‍
ഇരുന്നുരുകുന്നൊരു 
മഞ്ഞുതുള്ളിയെ കണ്ടു.  

അനുകമ്പ തോന്നി
മഞ്ഞുതുള്ളിയെ
ഇലകള്‍ക്കിടയില്‍
ഒളിപ്പിക്കാനായൊരു 
വിഫലശ്രമം.
ഇലയോട്
യാത്ര പറഞ്ഞ്
മഞ്ഞുതുള്ളി 
കാറ്റിനൊപ്പം ചേര്‍ന്നു.

ആശ്രയം നല്കാന്‍
ത്രാണിയില്ലാത്ത 
കാറ്റ് മണ്ണില്‍
അവളെ ഉപേക്ഷിച്ചു. 

കുറ്റബോധത്താല്‍ കാറ്റ്
വിരിഞ്ഞുനിന്ന പൂവില്‍
നിന്നൊരിതള്‍ നുള്ളി
മണ്ണില്‍ മാഞ്ഞു പോവും
മഞ്ഞുതുള്ളിയ്ക്ക് 
മേല്‍ പുതപ്പിച്ച്
തേങ്ങി കരഞ്ഞു.

Saturday, May 19, 2012

ഓട്ടം.

എന്നെ തടയരുത് !
നിശബ്ദതയുടെ
തണലും തേടി
ഓടുകയാണ് ഞാന്‍ .

സുഖത്തിന്റെ പറുദീസ
സ്വപ്നം കാണാന്‍
കഞ്ചാവ് ബീഡിയ്ക്കാ-
യാര്‍ത്തി പൂണ്ട പകല്‍ .

മത്തുപിടിപ്പിക്കും
മധുരസ്വപ്നങ്ങള്‍ക്ക് പകരം
നഗരത്തിന്റെ ഹുങ്കാരം
കാതുകളെ തുളച്ച്‌
ഞരമ്പുകളെ പൊട്ടിത്തെറി-
പ്പിക്കുമെന്നായപ്പോഴാണ്
ഓട്ടം തുടങ്ങിയത്.

സര്‍ക്കാര്‍ ആശുപത്രിയുടെ
കവാടത്തിലപ്പോള്‍
രക്തഗ്രൂപ്പുകള്‍ വിളിച്ച് കൂവി
വിലപേശല്‍ തകൃതിയായിരുന്നു.
ഓടി.. നിര്‍ത്താതെ..

കുരുന്നുകളുടെ
പൊട്ടിച്ചിരികള്‍ പ്രതീക്ഷിച്ച
അനാഥമന്ദിരത്തില്‍ നിന്നും
മുഴങ്ങിക്കേട്ടതോ
ആരുടെയോക്കെയോ
ആജ്ഞകളും അട്ടഹാസങ്ങളും.

ന്യായാധിപന്റെ മേശപ്പുറത്ത് 
പണക്കെട്ടുകള്‍ സാക്ഷിമൊഴി
രേഖപ്പെടുത്തിയപ്പോള്‍
നിസ്സഹായനായ സത്യം 
ജയിലഴിക്കുള്ളിലിരുന്ന്
അലമുറയിടുന്നുണ്ടായിരുന്നു.

രക്തസാക്ഷിത്വത്തിന്റെ
പേരിലേതോ പാര്‍ട്ടി
മുദ്രാവാക്യങ്ങള്‍ മുഴക്കി
ജാഥയായി വരുന്നുണ്ട്.
ആക്രോശങ്ങള്‍ കൊടുമ്പിരി
കൊണ്ടപ്പോള്‍ തിരിഞ്ഞു
നോക്കാതെ ഓടി.

നഗരത്തില്‍ നിന്നും
ഒഴിഞ്ഞു നിന്ന
പഴയ കെട്ടിടത്തിന്റെ
ഇടനാഴിയിലെ ശൂന്യതയി-
ലെത്തിയപ്പോഴാണ്
തലകറങ്ങി വീണത്‌..

ചുറ്റിലും ആരവങ്ങള്‍
തല കൊത്തിപ്പറിച്ചു
തുടങ്ങിയപ്പോള്‍ ഉണര്‍ന്ന് 
കണ്ണുകള്‍ മിഴിച്ച് പിടിച്ചു.

അരികെ ശരീര വില്‍പ്പന
കൊഴുക്കുകയാണ്.
പല്ലിളിച്ചുകൊണ്ടൊരുത്തി
പാഞ്ഞു വന്നപ്പോള്‍
വീണ്ടും എണീറ്റ്‌ ഓടി.

ഓടിയോടി
ആളൊഴിഞ്ഞൊരു
പൊതുശ്മശാനത്തിലെത്തി
മലര്‍ന്നടിച്ചുവീണ് കിതച്ചു. 

മാനം നോക്കി
ആശ്വാസത്തോടെ
മയക്കത്തിലേക്ക്‌... ..

ഏതോ യാമത്തില്‍
ആരൊക്കെയോ
പിറുപിറുക്കുന്നതു കേട്ടാണ്
വീണ്ടും ഉണര്‍ന്നത്.   

മണ്ണില്‍ തലവെച്ച്
ചെവിടോര്‍ത്തു.
പാതിവഴിയില്‍
പിടഞ്ഞു തീര്‍ന്നവര്‍ 
മണ്ണിനടിയില്‍ കിടന്നും
പരസ്പരം പോര്‍വിളിക്കയാണ്.
ശബ്ദം സഹിക്ക വയ്യ...

ഓടുകയാണ് ഞാന്‍.
നിര്‍ത്താതെ ഓടുകയാണ്.

Sunday, May 13, 2012

ചാകര

നിലാവൊളിച്ച
രാത്രിയില്‍ ആഴക്കടല്‍
കരുവാളിച്ചു കിടന്നു.

ദ്വാരം വീണുതുടങ്ങിയഒരു കൊച്ചുവള്ളംവിറച്ച് വിറച്ച്അങ്ങിങ്ങ് നീങ്ങി.
വള്ളപ്പടിയില്‍ ഇരുന്നകറുത്ത ആള്‍രൂപംവെള്ളത്തില്‍ നോക്കിഇടക്കിടയ്ക്കെന്തോപിറുപിറുത്തു.
പാതി കീറിയവീശുവലയിലൂടെഊര്‍ന്നുപോയകുറെ മീനുകള്‍സംഘം ചേര്‍ന്ന്വെള്ളപ്പരപ്പില്‍ വന്ന്‌അയാളെ നോക്കികളിയാക്കി ചിരിച്ചു.
തുഴഞ്ഞ് തളര്‍ന്ന്കൈപിടി അയഞ്ഞ്പഴയ തുഴഅടിത്തട്ടിലേക്ക്അധിവേഗംആഴ്ന്നു പോയി.
അരികെ പോയകൂറ്റന്‍ വള്ളങ്ങള്‍തീര്‍ത്ത വെള്ളച്ചാലുകള്‍മരണത്തിലേക്ക്അയാളെ മാടിവിളിച്ചു.
സുപ്രഭാതം പാടികടല്‍കാക്ക പറന്നപ്പോള്‍സൂര്യന്‍ ചുവന്ന നിറത്തില്‍ആകാശത്ത് അവതരിച്ചു.
തിരകളെ കീറിമുറിച്ചുകരയ്ക്കടുത്തബോട്ടുകളിലിരുന്ന്ആരൊക്കെയോഉറക്കെ പാടി.ചാകര വന്നേ..ചാകര വന്നേ..
കരയും കടലുംഏറ്റു പാടിയസന്തോഷശ്രുതിഒറ്റപ്പെട്ടു നിന്നഇടിഞ്ഞു വീഴാറായകുടിലിലുമെത്തി.
കടലില്‍ പോയഅച്ഛനെ കാത്ത്വിശന്നു തളര്‍ന്ന്ഉറങ്ങുന്ന കുഞ്ഞിന്റെഒട്ടിയ വയറ്റില്‍തടവി അകത്തിരുന്ന്ഒരമ്മ സമാധാനിച്ചു.ചാകര വന്നു !
തകിടം മറിഞ്ഞൊരുകൊച്ചു തോണിതെക്ക് മാറി കരക്കടിഞ്ഞവിവരം പറയാന്‍കുടിലിന്‍ മുറ്റത്ത്പരുങ്ങി നിന്ന കരക്കാറ്റ്ആര്‍ത്തലച്ചു വന്നൊരുതിരമാലയെ കണ്ട്പേടിച്ചെങ്ങോ പോയൊളിച്ചു !

Thursday, April 26, 2012

ഒരു തിരക്കഥ.

ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് കാഴ്ച !

പാട്ടനെല്ല് അളന്നപ്പോള്‍
വിളവ്‌ മുഴുവന്‍ തീര്‍ന്ന
'കുടിയാന്‍' പട്ടിണി മാറ്റാന്‍
ഒരുപറ നെല്ലിനായി
പടിപ്പുരയില്‍ വന്ന്
അപേക്ഷിക്കുന്നു.  
'കാടുകെട്ടി കിടന്നാലും
ഇവനിനി വിത്തിറക്കരുത്'
മട്ടുപ്പാവിലിരുന്ന്‌
ജന്മിയുടെ ഉത്തരവ്. 

ലൈവ് !

വെള്ളയില്‍ കറുത്ത
മഷി കൊണ്ടെഴുതിയ
ബോര്‍ഡ്; 'ഷാപ്പ്‌ ' !
അന്തിക്കള്ള് കുടിക്കാന്‍
കാശില്ലാതെ ഒരു 'കുടിയന്‍'
'ഷാപ്പ്‌ ഉടമ'യുടെ
കാലുപിടിച്ച് കരയുന്നു. 
'കുടിയന് ' പഴയ
'ജന്മി'യുടെ മുഖം.
'ഷാപ്പുടമ'യ്ക്ക്
പഴയ 'കുടിയാന്റെ'യും.

ക്ലൈമാക്സ് !

മുകളില്‍...
കാലതാമസം കൂടാതെ 
വിധി നടപ്പാക്കാന്‍ 
വിധിന്യായം എഴുതി തീര്‍ന്ന
ദൈവത്തിന്റെ നിര്‍ദേശം.


താഴെ...
'ഷാപ്പുടമ' നീട്ടിയ
ഔദാര്യം ആര്‍ത്തിയോടെ
കുടിച്ചിറക്കെ 'കുടിയന്‍'
കണ്ണ് തുറിച്ച്
പിന്നിലേക്ക്‌ മലച്ചു !

Wednesday, April 25, 2012

ഉറക്കം നഷ്ടപ്പെട്ട രാത്രി.

ഇടനാഴിയിലിരുട്ടില്‍ 
സന്ധ്യക്ക്‌ കൊളുത്തിയ
നിലവിളക്ക് കരിന്തിരി
കത്തിയൊടുങ്ങി.

കിടപ്പാടം പണയം വെച്ച്
മകളെ കെട്ടിച്ചയച്ച കഥ
മദ്യലഹരിയില്‍
പുലഭ്യം ചേര്‍ത്ത്
പുലമ്പിയ ആവേശത്തില്‍
ഒറ്റ മകന്‍ കട്ടിലിന്‍ കീഴെ
മുഖമടിച്ചു വീണു.

സീമന്ത രേഖയിലെ 
സിന്ദൂരം മാഞ്ഞ സങ്കടം
തോരാത്ത മാതൃഹൃദയം
അടുക്കള വാതില്‍ക്കല്‍
വന്നിരുന്ന് തേങ്ങി.

തെക്കേ തൊടിയിലെ 
കുഴിമാടത്തില്‍
നിന്നും ഒരാത്മാവ്
ഉറക്കം കിട്ടാതെ
എഴുന്നേറ്റ് നടന്നു.

Monday, April 23, 2012

മഴക്കോള്.

ഒരു പുലരി.
കണ്ണെത്താ ദൂരം പരന്നു കിടക്കും
പാതിവിളവെത്തിയ നെല്‍പ്പാടം.

വരമ്പൊന്നില്‍ കാവല്‍നിന്ന
നോക്കുകുത്തിത്തലയിലിരുന്ന്
ചിറകു കുടഞ്ഞ്‌ കൊണ്ടൊരു
കുരവി വെയില് കാഞ്ഞു.

കൂട്ടത്തോടെ പറന്നിറങ്ങിയ
അമ്പല പ്രാവുകള്‍
കുറുകിക്കൊണ്ട് എന്തൊക്കെയോ
സ്വകാര്യം പറഞ്ഞു. 

വിളഞ്ഞ് വീണ നെന്മണി
തിരഞ്ഞ് വിവശയായൊരു  
തത്ത പച്ച കതിരൊന്ന്
കൊത്തി  പറന്നകന്നു.

കാറ്റിലുലഞ്ഞ നെല്ലോലകള്‍
തപസ്സിനു ഭംഗം വരുത്തിയതില്‍
ശുണ്ഠി പിടിച്ച്‌  കൊറ്റിപ്പെണ്ണ്
ദൂരെ സ്ഥാനം മാറിയിരുന്നു.

പയ്യെ, മാനത്ത് കാലം തെറ്റി-
പ്പെയ്യാനൊരു മഴക്കോള് ഉരുണ്ടു.
താഴെ, സ്വാഗതം ചെയ്യാന്‍ ഘോഷം
കൂട്ടി കുറെ ചീവീടും തവളകളും.

ഉയരെ പറന്ന രണ്ടുകഴുകര്‍
ആഞ്ഞിലി മരത്തിന്റെ
മോളിലെ കൊമ്പില്‍
വന്നിരുന്ന്‌ മുഖം മിനുക്കി.

കടംകൊണ്ട കനവിനെ
മഴമുക്കി കളഞ്ഞതില്‍ നൊന്ത്‌ 
ആത്മഹത്യ ചെയ്യും കര്‍ഷക ദേഹം
കാത്ത് ഊറിച്ചിരിച്ച് അവരിരുന്നു.

Wednesday, March 14, 2012

മാപ്പ് !!!

അറപ്പ് മാറിയ
കൈയിനിന്ന് കരുത്ത് ചോരുന്നു. 
മരണം
വിളിപ്പുറത്തുണ്ടെന്ന ഭീതി കൂടുന്നു.

ചെയ്ത പാപങ്ങളില്‍  മനം നൊന്തല്ല.
മനസാക്ഷി ഉത്തരം തിരഞ്ഞിട്ടുമില്ല.
എങ്കിലും...

മാപ്പ് !
നേര്‍പെങ്ങളുടെ
കണ്ണുനീരില്‍
മഴവില്ല് കാട്ടി കൂട്ടരോട്
വിലപേശിയതിന്...

മാപ്പ് !
ചത്തു ചീര്‍ത്ത
കൂടപ്പിറപ്പിന്റെ കുഴിമൂടാന്‍
വാരിയ ഒരു പിടി മണ്ണിനു
കണക്കു പറഞ്ഞതിന്...

മാപ്പ് !
കൂടെക്കിടന്നു കിട്ടിയ
വീര്‍ത്ത വയറുമായി
മുന്നില്‍ വന്ന
മുറപ്പെണ്ണിനെ
നാഭിക്കു തൊഴിച്ചെറിഞ്ഞതി
ന്...

മാപ്പ് !
പെറ്റ വയറിന്റെ
കദന കടലിന്
കടം പറഞ്ഞ്‌
തിരിഞ്ഞു നടന്നതി
ന്...

 
അങ്ങ് 
സ്വര്‍ഗ്ഗ നരകങ്ങളുടെ
വാതില്‍ക്കല്‍ കണക്കെഴുതും
ചിത്രഗുപ്തന് വീശാന്‍
കയ്യില്‍ കാശ് തികയില്ല
അതുകൊണ്ട് മാത്രം...

മാപ്പ് !

Saturday, February 25, 2012

മാതൃക!!

മാതൃകാ വിദ്യാര്‍ഥി, മാതൃകാ അധ്യാപകന്‍, മാതൃകാ വ്യക്തിത്വം, മാതൃകാ കുടുംബം, മാതൃകാ ദമ്പതികള്‍, മാതൃകാ ഗ്രാമം, മാതൃകാ പോലീസ് സ്റ്റേഷന്‍....
മറ്റുള്ളവര്‍ കണ്ട് പഠിച്ച് അനുകരിക്കേണ്ടുന്നവയ്ക്ക് നാം മാതൃക എന്ന വിശേഷണം നല്‍കി വിളിച്ചു പോരുന്നു. 
വ്യക്തി ജീവിതത്തില്‍ തന്റെ വ്യക്തിത്വത്തില്‍ നിന്ന് വിട്ടുമാറി മറ്റൊരാളുടെ വ്യക്തിത്വത്തെ മാതൃകയാക്കി ജീവിക്കേണ്ടതുണ്ടോ എന്ന് തലപുകഞ്ഞാലോചിക്കാന്‍ സ്വല്‍പ്പം സമയം കൈവശമുണ്ടെങ്കില്‍ എന്റെ കൂടെ കുറച്ചു വായിക്കാം.

കുഞ്ഞുനാളില്‍ എന്നും രാത്രി വൈകി ജോലി കഴിഞ്ഞ് അച്ഛന്‍ കൈയിലൊരു പലഹാരപൊതിയുമായി വീട്ടിലെത്തും.
ഓടിച്ചെന്നു പലഹാരപൊതിയും തട്ടിയെടുത്തു കവിളിലൊരു ഉമ്മയും നല്‍കി തിരിച്ചു പോരുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം.!
അമ്മ തന്നോട് അച്ഛനെ പോലെ വളര്‍ന്നു വലുതാവണം എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ കൈകളില്‍ പലഹാരപൊതിയും പിടിച്ചു രാത്രി താന്‍ വീട്ടിലേക്കു കയറി വരുന്നത് മാത്രമായിരുന്നു ചിന്ത..!

സ്കൂളില്‍ പോയിത്തുടങ്ങിയ കാലം.
ക്ലാസ്സിലെ ഏറ്റവും മാര്‍ക്ക് വാങ്ങിയ കുട്ടിയെ ചൂണ്ടിക്കാട്ടി മാഷ്‌ പറഞ്ഞു.
"കണ്ടോ ഇവനേ. എല്ലാത്തിലും ഒന്നാംസ്ഥാനം വാങ്ങിക്കുന്നെ. നിനക്കൊക്കെ ഇവനെ കണ്ട് പഠിച്ചുകൂടെ ?"
മുഖത്ത് അഹങ്കാരത്തിന്റെ ചിരിയുമായി നില്‍ക്കുന്ന കൂട്ടുകാരനെ സങ്കടത്തോടെ നോക്കി.
സ്വാഭാവികം, പിന്നീട് എന്റെ 'പഠിത്തം' അവനെ അനുകരിച്ചു മാത്രമായി.
അവനെന്തെല്ലാം പഠിക്കുന്നു, എത്ര നേരം വായിക്കുന്നു, എല്ലാം നോക്കി വെക്കണം.
എന്തായാലും പരീക്ഷക്ക്‌ അവന്റെ അത്ര തന്നെ മാര്‍ക്ക് എനിക്കും വേണം.
അങ്ങിനെ വാശിയോടെ സ്കൂള്‍ ജീവിതം മുന്നോട്ട്‌..!!

ഒരുവിധം എല്ലാം കടന്ന് അങ്ങിനെ ഒരു ജോലി കിട്ടി.
മര്യാദക്ക് ജോലി ചെയ്തു ജീവിച്ചു പോകുന്ന ഒരു ദിവസം.
ഒന്നു refresh ചെയ്യാനായി വെറുതെ ഇന്‍റര്‍നെറ്റില്‍ പരതിയിരിക്കുമ്പോള്‍ ഒരു വാചകം കണ്ണിലുടക്കി.
" Everybody wants to be somebody; nobody wants to grow - Johann Wolfgang von Goethe"
ഇതിലെന്തെങ്കിലും സത്യമുണ്ടോ എന്ന് കൂലങ്കുഷമായി ചിന്തിച്ചിരിക്കുമ്പോഴുണ്ട് നമ്മുടെ തലവന്‍ കടന്നുവരുന്നു. കണ്ണില്‍ നോക്കാതെ ഒഴിഞ്ഞു മാറിയ എന്നെ നോക്കി കടുപ്പിച്ചൊരു ചോദ്യം.
"സദാസമയവും ഇന്റര്‍നെറ്റ്‌ നോക്കിയിരിപ്പാണല്ലേ ? നീ ആ ജോണിനെ നോക്ക്. കണ്ടോ അവന്‍ എത്ര നല്ല പയ്യനാണവന്‍, അങ്ങിനെയൊക്കെ ഉള്ളവരെ മതി എനിക്കിവിടെ."
തലതിരിച്ചു ജോണിന്റെ ഭാഗത്തേക്ക് നോക്കി.
ചുറ്റുപാടും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന ഭാവേന കീബോര്‍ഡില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്.
ഇനി എന്തുചെയ്യും ?
എന്തായാലും ഇനി ജോണ് തന്നെ എന്റെ ലക്‌ഷ്യം.
എങ്ങിനെയെങ്കിലും അവനെ പോലെയാവണം. എന്തു വില കൊടുത്തും.
രാത്രിയില്‍ ഓഫീസില്‍ നിന്നിറങ്ങി അവന്റെ മുറിയില്‍ പോകണം.
ഒരു കുപ്പി തുറന്നു മുന്നിലേക്ക്‌ വെച്ചു കൊടുത്താല്‍ ഒത്തിരി സംസാരിക്കുന്ന ജോണില്‍ നിന്ന്‌ ഒരുപാട് പഠിക്കാനുണ്ട്.

Saturday, January 14, 2012

കോളേജ് പ്രണയം.

പുതുദിനത്തിന്റെ വിരസത ക്ലാസ്സിലെ
പരിഷ്കാരി പയ്യന്റെ ചിരിയില്‍ അലിഞ്ഞില്ലാതായി.
കൂട്ടുകൂടി. കൂടെ നടന്നു.
ഒഴിവു സമയങ്ങള്‍ മൈതാനത്തെ ഒഴിഞ്ഞ മൂലകളും
ആളൊഴിഞ്ഞ ഇടനാഴികളും പങ്കിട്ടെടുത്തു.
പിരിഞ്ഞിരുന്ന രാത്രികള്‍ക്ക് പകലിനെക്കാള്‍
ദൈര്‍ഖ്യമേറി.

വര്‍ഷവും വസന്തവും ശിശിരവും ഓടി അകന്നു.
ഒടുവില്‍ വിട പറയാനുള്ള നാള്‍ വന്നു.
രക്ഷിതാക്കള്‍ തീരുമാനിച്ചു വെച്ചതിനാല്‍
ഭാവിയെക്കുറിച്ച് ആശങ്കയില്ല.
'തന്റെ വിവാഹവും അവന്റെ ഹയര്‍
സ്റ്റഡീസും.'

കഴിഞ്ഞയാഴ്ച, അവന്‍ വിദേശത്തേക്ക് പറക്കുന്നതിന്റെ
ദിവസങ്ങള്‍ മുന്‍പ്. അമ്പലനടയിലെ വാടകമുറി
അവസാന യാത്രയയപ്പിനുള്ള വേദിയായി.
കൊഴിഞ്ഞ ദിനങ്ങളിലെ മാധുര്യവും
പൊട്ടിച്ചിരികളും അയവിറക്കി ഒരു രാത്രി ഒരുമിച്ചുറങ്ങി.

പുലര്‍ച്ചെ, കുളിച്ചു ദേവനെ തൊഴുതു,
പരസ്പരം ചുംബനം കൈമാറി യാത്ര പറഞ്ഞു.
ഇനി തന്റെ വഴികളില്‍ അവനില്ല.
ഇനി പുതിയ ജീവിതം, വിവാഹത്തിന് നാളുകള്‍ മാത്രം ബാക്കി...

നിറഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷിനിര്‍ത്തി
കഴുത്തില്‍ താലി വീഴും. ചുറ്റിലും ആടയാഭരണങ്ങളില്‍
ആര്‍ത്തിയോടെ നോക്കിനിന്നവര്‍ ഉറക്കെ കുരവയിടും.
വളർത്തി വലുതാക്കി ഭാരം ഒഴിഞ്ഞു
അച്ഛൻ കരംപിടിച്ച് തന്റെ പതിക്കേകും.

***************
ചിന്തകളുടെ ഭാരം അവളുടെ കണ്‍പോളകളെ തളര്‍ത്തി.
പതിയെയുള്ള മയക്കം വിട്ടു അവള്‍ ഗാ
ഡനിദ്രയിലാണ്ടു.

അപ്പോഴും
അച്ഛനെ നിഷേധിച്ചതിൽ പ്രതിഷേധിച്ച് 
അടിവയറ്റിൽ ഒരു ഹതഭാഗി മുറവിളി കൂട്ടുന്നുണ്ടായിരുന്നു.

Monday, January 9, 2012

ബലി

മഴത്തുള്ളിയൊഴിയാത്ത
കര്‍ക്കിടകവാവില്‍
പുഴയുടെ കുത്തൊഴുക്കിനരികെ
ഈറനായ് ബലിയിടാനിരുന്നു.

എള്ളും പൂവും ചേര്‍ത്തുരുട്ടിയ
പിണ്ഡം; കീറാന്‍
തുടങ്ങിയ
തൂശനിലയില്‍ വെച്ച്‌ ദര്‍ഭയൂരി
നിവര്‍ന്നു കൈകൊട്ടി.

എവിടെ കാകന്‍ ?
ആത്മാവിന്‍ വേഷപ്പകര്‍ച്ച !

ശാന്തി നേടാ ആത്മാവ്
കാകനായ്‌ വരികയില്ലെന്നോ ?

അതോ;
നിദ്രയുടെ
യാമങ്ങളിലിനിയും
കവര്‍ന്നെടുത്ത സൌഭാഗ്യങ്ങളും
തിരഞ്ഞ് വരുമെന്നോ ?
 

പ്രമാണിയായ സര്‍ക്കാര്‍
ജോലിക്കാരന്റെ മകനായി
തീരാനുള്ളതല്ല തന്റെ ജന്മം
എന്ന തിരിച്ചറിവ്. 

ചെയ്ത പാപം; അച്ഛനെ കൊന്നു.
പക്ഷെ, തനിക്കു ലാഭം
ഉദ്യോഗവും സ്വത്തും.
നഷ്ടം വെറും ഒര
ച്ഛന്‍ മാത്രം.  

പാപഫലം തീര്‍ക്കാന്‍ ചെയ്ത
തീര്‍ത്ഥാടനമത്രയും വൃഥായെന്നോ ?
വീണ്ടും,
ഇതാ ആത്മാവിനു
ശാന്തിക്കായ്
ഒരുരുള കൂടി.

കാകനെ കാണാഞ്ഞ
പരികര്‍മ്മി അരുളി
ആത്മാവിനെ ധ്യാനിച്ച്
മത്സ്യങ്ങള്‍ക്കു നല്‍കാം.

മണലില്‍ കലരുന്ന
അവസാന അരിമണിയും
മത്സ്യങ്ങള്‍ തൊടാന
ക്കുന്നത്
കണ്ടില്ലെന്നു നടിച്ച്,
പരികര്‍മ്മിയുടെ അനുഗ്രഹത്തിനു
ദക്ഷിണ വെച്ചു തൊഴുതു.

Sunday, January 8, 2012

പേക്കിനാവ്.

പേക്കിനാവുകള്‍
കൂട്ടി
രിക്കുന്ന ഈ രാത്രി വിട്ട് എനിക്കിനിയൊരു പുലരിയില്ല.

ദേഹത്തിനേറ്റ മിന്നല്‍പിണരുകള്‍
പ്രാണനെ നെറുകിലെത്തിച്ചിരിക്കുന്നു. 

ആത്മാവ്‌ കൂടുവിട്ട് പറക്കാന്‍ വെമ്പുന്നു.
അടഞ്ഞാല്‍ 
പിന്നെയീ കണ്ണുകള്‍ തുറക്കയില്ല. 

ചുറ്റിലും കുറുനരികള്‍ ഓരിയിടുന്നു.
പുത്തനിരയെ കിട്ടിയ മോദം.
രുചിച്ചു കൊതിതീര്‍ന്ന
ചുണ്ടിലെ രക്തം നക്കി
തന്റെ ഊഴം
കാത്തിരിക്കയാവര്‍.

ഇരുട്ടിനു ചുവപ്പിന്റെ നിറം.
വഴി തെറ്റി നടന്ന തന്റെ
രക്തത്തിന്റെ നിറമാണത്.

പല്ലിളിച്ച സൌഹൃദം, ആദ്യമറിഞ്ഞ സ്നേഹം.
കൂടെ വിളിച്ച്‌ ഇതായെന്നെ
കൂട്ടര്‍ക്ക് കൂട്ടിക്കൊടുക്കുന്നു. 


നാളെ....
പത്രത്താളുകളി
ലെ ചുവന്ന അക്ഷരങ്ങള്‍ 
എന്റെ നീതിക്കുവേണ്ടി നിലവിളിക്കും.
അമ്മയുടെ കരച്ചിലിന്, അച്ഛന്റെ തേങ്ങലി
ന്  
ക്യാമറകള്‍ വീട്ടില്‍ കാത്തുകിടക്കും.

എരിയുന്ന കരിന്തിരിക്ക്‌ മുന്നില്‍
പുത്തന്‍ 
ര്‍ട്ടിഫിക്കറ്റിലെ ചിത്രം
പറിച്ചു പണിത വലിയ ഛായാചിത്രമായ്‌   
ഞാനിരുന്നു ചിരിക്കും.