Thursday, December 22, 2011

എന്റെ (പ്രവാസിയുടെ) സ്വപ്‌നങ്ങള്‍..


അരിച്ചു കയറുന്ന തണുപ്പ്..
മൂടിപ്പുതച്ചു കിടന്നിട്ടും ഉറക്കം വരുന്നില്ല.
മുറിയില്‍ കട്ടപിടിച്ച ഇരുട്ട്. കണ്ണുകള്‍ പരതി നോക്കി, ഇരുട്ട് മാത്രം..
കാതോര്‍ത്തപ്പോള്‍ എന്തൊക്കെയോ നേര്‍ത്ത ശബ്ദങ്ങള്‍..
തോന്നലാണോ, അല്ല എന്തൊക്കെയോ കേള്‍ക്കുന്നുണ്ട്.

ആ.. അത് തെക്കിനിയിലെ ഉത്തരത്തിലിരുന്നു ഒരു പല്ലി ചിലച്ചതാവാം. 
പുറത്തെന്തായാലും നല്ല മഞ്ഞു പെയ്യുന്നുണ്ട്, ഉടുക്ക് കൊട്ടുന്ന ശബ്ദം വാഴയിലകളില്‍ നിന്നാണ്.
പാടത്തുനിന്നു തവളകളുടെ സംഘഗാനം കൊഴുക്കുന്നുണ്ട്, കൂടെ ചീവീടുകളുടെ പായാരം പറച്ചിലും.
ഡും.. ഒരു മാങ്ങാ വീണു. കടവാതില്‍ ഞെട്ടി തൊട്ടപ്പോഴേ വീണുപോയിട്ടുണ്ടാവും. നല്ല മാങ്ങയാവും.
കഴുക്കോലിനു മുകളിലൂടെ ഒരു എലി ഓടി പോയി, മനുഷ്യനെ പേടിപ്പിക്കാന്‍..
ദൂരെ നിന്നൊരു തകില്‍നാദം പതിയെ കേള്‍ക്കുന്നുണ്ട്,
കാവിലെ അത്താഴപൂജ
കഴിഞ്ഞിട്ടുണ്ടാവില്ല്യ.
പിന്നെയും എന്തൊക്കെയോ...

കൈ എത്തിച്ചു എസി ഓണ്‍ ചെയ്തു. തണുപ്പ് സാരമില്ല.
ഈ മുരള്‍ച്ച കൂട്ടുവേണം ഉറക്കം വരാന്‍,
നഷ്ട സ്മൃതികളില്‍ നിന്നും പൊള്ളുന്ന സ്വപ്നങ്ങളില്‍ നിന്നും
പുറം തിരിഞ്ഞു കിടന്നു.  ഉറക്കത്തിലേക്കു....

Tuesday, December 20, 2011

നമുക്ക് ചുറ്റും..

ചാന്തുപൂശിത്തുടങ്ങും ചക്രവാളം നോക്കി
ഒരു പൂവ് മിണ്ടാതെ മുഖം വീര്‍പ്പിച്ചു നിന്നു..

പറന്നടുത്തുവന്ന ശലഭം അവളെ
പതിയെ ചുംബിച്ചു കാതില്‍ പരിഭവം പറഞ്ഞു.
എനിക്കായ് കാത്തുവെച്ച മധുവെവിടെ
മതിയാവോളം നുകരാന്‍ ആയതില്ലെനിക്ക്.

കരിവണ്ടു കടിച്ചു തിണര്‍ത്ത ദളങ്ങള്‍
മറയ്ക്കാന്‍ ശ്രമിച്ചു തലയാട്ടി ഒന്നു മന്ദഹസിച്ചു.
പിന്നെ, ഒളികണ്ണാല്‍ സൂര്യനെ നോക്കി മന്ത്രിച്ചു..
"മറയാറായില്ലേ നിനക്കിനിയും."

Monday, December 19, 2011

അതിര്‍വരമ്പുകള്‍..



"മൂധേവി.. അസമയത്ത് ഇരിക്കാന്‍ കണ്ട സ്ഥലം
അശുഭങ്ങളായതെ ചെയ്യൂന്നുവെച്ചാ .."
അമ്മാവനാണ്; താന്‍ വെറുതെ ഇരിക്കുന്നത് കണ്ടാല്‍ ആള്‍ക്ക്  കലി കയറും.” 
ചാടിത്തുള്ളി അടുത്തെത്തിയപ്പോള്കാല്ചുരുക്കി മുഖം കൈകളാല്പൊത്തി ലേഖ മിണ്ടാതിരുന്നു.
എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇടനാഴിയിലൂടെ അദ്ദേഹം അകത്തേക്ക് പോയി.

തന്റെ വിധി.. അല്ലാണ്ടെന്തു പറയാന്‍. ഒരുപ്രായം കഴിഞ്ഞാല്എല്ലാ പെണ്കുട്ടികളും വീട്ടുകാര്ക്ക് ഒരു ഭാരം തന്നെയാണ്പ്രത്യേകിച്ച് തന്റെ കാര്യത്തില്‍. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേഎല്ലാം വിധി എന്ന് പറയാന്പറ്റുമോ.. ചിലപ്പോ അമ്മായി പറയുന്ന പോലെ "നിന്റെ തലയിലെഴുത്തു  അതുതന്നെ. പിറന്നപ്പോഴേ ഓരോ  ദുര്നിമിത്തങ്ങളായിരുന്നല്ലോ. അപ്പോഴേ തോന്നീതാ എന്തൊക്കെയോ.. അപകടത്തില്‍  ജീവനോടെ നീ മാത്രല്ലേ രക്ഷ്പ്പെട്ടുള്ളൂ.. എല്ലാരേം ഒരുമിച്ചു തീര്ക്കാന്ജനിച്ച അസുരജന്മം.” ഒന്നുമില്ല മറുപടി തന്റെ കയ്യില്പറയാന്‍.

മൂന്നു വയസ്സില്തന്നെ എഴുത്തിനിരുത്താന്മൂകാംബികയിലേക്ക് പോയതായിരുന്നു കുടുംബസമേതം.. എതിരെ വന്ന ലോറി ഞെരിച്ചമര്ത്തിയത് മൂന്നു ജീവിതങ്ങളായിരുന്നു. താന്മാത്രം തെറിച്ചു വീണൂത്രേ.. പരിക്കേല്ക്കാതെ..
“എന്തു തെറ്റാ താന്ചെയ്തേ ആവോ..” മൂന്നു വയസ്സുകാരി ചിന്തകള്മുളച്ചു തുടങ്ങിയപ്പോള്മുതല്ആലോചിക്കുന്നതാണ്.. ദേഷ്യപ്പെടലുകളും  വാശിയും മാത്രം തീര്ക്കാനൊരു ജന്മം

എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്ന വാശിയുള്ളതുകൊണ്ടാവാം മത്സരിച്ചു പഠിച്ചു. അതുകൊണ്ട് മാത്രം പ്രീഡിഗ്രി വരെ പഠിപ്പിച്ചു അമ്മാവന്‍. അമ്മാവന്റെ കണക്കിലതുതന്നെ ധാരാളം. ഇനി വീട്ടിലിരുന്നാല്മതി അടുക്കളക്കാരിയായിട്ട്.. ചീത്തകൂട്ടുകെട്ടുകളില്‍  പെട്ട്  എന്റെ പേരും കൂടെ ചീത്തയാക്കേണ്ട എന്ന ഉത്തരവും. അവിടേം തോറ്റു.
ആകെ കുറച്ചു നന്നായി ജീവിച്ച  കാലം   രണ്ടു വര്ഷങ്ങളായിരുന്നു.സന്തോഷത്തോടെ കൂട്ടു കൂടി നടന്ന പകലുകള്‍. ആണ്കുട്ടികളോട് പൊതുവേ ചങ്ങാത്തം കൂടാതെ നടന്ന എന്നെ അന്ന് ഹരി  മാത്രം എന്തെ പ്രത്യേകം ശ്രദ്ധിക്കാന്ആവൊ..അത്ഭുതം  തന്നെ. കാണാന്പോലുമില്ല വലിയ ചന്തം. ഒരു പൊട്ടിപ്പെണ്ണ് . എന്തു പറഞ്ഞാലും വാവിട്ടു ചിരിക്കാന്മാത്രം അറിയാം സങ്കടം വന്നാല്കരയാനും. ഒരു പക്ഷെ അതാവും ഇത്രമേല്സ്നേഹിക്കാന്‍. ഒരുമിച്ചു ജീവിതം വരെ പങ്കുവയ്ക്കാന്നിര്ബന്ധം പിടിക്കാന്‍..
.
എവിടെയെങ്കിലും ബന്ധുക്കളില്നിന്നെല്ലാം അകന്നു ജീവിക്കാന്താനും കൊതിച്ചു. പക്ഷെ അമ്മയെയും വീട്ടുകാരെയും വിട്ടുപിരിയാന്ഹരിക്ക് വയ്യ. ഒരുപക്ഷെ വിഷമം തനിക്കറിയാഞ്ഞിട്ടാവും. ഇല്ലല്ലോ ആരെയും തനിക്കത്പോലെ സ്നേഹിക്കാന്‍. 
ഒടുക്കം ഹരി വീട്ടില്വന്നു ചോദിക്കാം എന്നായി.. ഒന്നും പറഞ്ഞില്ല അതിനെതിരായി താനും. ഹരി വന്നു  വീട്ടിലേക്കു അവസാന പരീക്ഷ എഴുതി കഴിഞ്ഞ ദിവസം തന്നെ. രാവിലെ തന്നെ അമ്മാവന്ഒച്ചയെടുക്കുന്നത് കേട്ടാണ്  ഉമ്മറത്തേക്ക് ചെന്നത്. 
നോക്കിയപ്പോള്ഹരി. അമ്മാവന്നിന്ന് കത്തുകയാണ് 
ഒരു കീഴ് ജാതിക്കാരന്പരിഷ്ക്കാരി വന്നിരിക്കുന്നു. ഓന് തറവാട്ടില്നിന്ന് തന്നെ പെണ്ണ് വേണം പോലും. സ്നേഹിച്ചു പോയീത്രെ. ഇവിടുത്തെ കുട്ടിക്കേ അന്തസ്സിനു കുറവുള്ളൂ, തറവാട് മഹിമ ഇപ്പോഴും കുറഞ്ഞിട്ടില്ല.”

കണ്ണാല്കണ്ടു വാക്കാല്സംസാരിച്ചു മനസ്സുകള്അടുത്തപ്പോള്ജാതി ചോദിയ്ക്കാന്മറന്നു പോയി.. ഇതും തന്റെ തെറ്റ്. തലകുനിച്ചു പടിയിറങ്ങി പോയ ഹരിയെ നോക്കി കണ്ണീര്പൊഴിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പിന്നെ കുറെ കഴിഞ്ഞാണ് ഹരിയെ കണ്ടത്. അമ്പലത്തില്നിറമാല തൊഴാന്‍ പോയി മടങ്ങുമ്പോള്‍, കണ്ണില്‍  കണ്ണില്നോക്കി പതിയെ നടന്നകന്നു, ഇപ്പൊ ജോലിയൊക്കെ ആയിക്കാണും, കൂടെ ആരെയും കണ്ടില്ല കൈ പിടിച്ചുകൊണ്ടു, പിന്നീടാണറിഞ്ഞത് കല്യാണം കഴിചില്ല്യത്രേ ഇതുവരെ.. എന്തിനാ കാത്തിരിക്കുന്നെ ആവോ. പാവം. ഓര്ക്കാന്‍  വയ്യ..
എന്തേയിങ്ങനെ മനുഷ്യര്‍.. ഞങ്ങള്ഒരുമിച്ചു ജീവിച്ചാല്ഇടിഞ്ഞു വീഴുമായിരുന്നോ ആകാശം, ശ്രീകോവില്തുറന്നു പുറത്തേക്കോടുമായിരുന്നോ പ്രതിഷ്ഠകള്‍, ഞങ്ങള്ക്കൊരു കുഞ്ഞുണ്ടായാല്അമ്മേ എന്നല്ലായിരിക്കുമോ ആദ്യം വിളിക്കുക, ചോദ്യങ്ങള്ഏറെ ബാക്കി, ജാതി വരമ്പുകള്സ്നേഹത്തിനു വിലയിട്ടപ്പോള്വേര്പിരിഞ്ഞത് രണ്ടു ജീവിതങ്ങളാണ്.. ആരെയും വേദനിപ്പിക്കാന്മനസ്സില്ലാത്ത രണ്ടു ജീവിതങ്ങള്‍.. 

************

രണ്ടു തുള്ളി ഇറ്റി മടിയില്വീണു, ഇത് തന്റെ കണ്ണില്നിന്ന് തന്നെയോ, ലേഖ കണ്ണ് തുടച്ചു നോക്കി. എന്നേ  വറ്റിവരണ്ടെന്നു  നിനച്ച കണ്ണിലെന്തേ ഇന്നീ രണ്ടു തുള്ളി..

Wednesday, November 30, 2011

ഉത്സവം...

അക്കരെ കാവില്‍ ഉത്സവം കൊടിയേറി.
ഇനിയങ്ങോട്ട് ആഘോഷ തിമിര്‍പ്പാണ്.
കുംഭമാസത്തില അവസാന ചൊവ്വാഴ്ചയാണ് പ്രധാന ഉത്സവം.
കൊടിയേറ്റം കഴിഞ്ഞാല് പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്.

ഓരോ ദിവസവും ഓരോരോ ദേശങ്ങളില്‍ നിന്നും നാടുചുറ്റാനിറങ്ങുന്ന പൂതനും തിറയും വീട്ടിലെക്കെത്തും. അമ്മ നിലവിളക്കും മുറം നിറയെ നെല്ലുമായി സ്വീകരിക്കും. തിറ മുറ്റത്തെ കളി കഴിഞ്ഞു അനുഗ്രഹം ചൊരിയാന്‍ ഒരുപിടി നെന്മണി വാരി എറിയും. എല്ലാവരുടെയും പുറകിലായി ഞാനും ആ നെന്മണി ഏറ്റുവാങ്ങാന് ഒളിഞ്ഞു നില്‍ക്കും. .

ദിവസത്തിനന്നു രാവിലെ മുതലേ ഘോഷം കൂട്ടിതുടങ്ങും. അകലെയുള്ള ബന്ധുക്കളും കുട്ടികളും വീട്ടിലെക്കെത്തും. നാനാദേശക്കാരുടെയും തയ്യാറെടുപ്പിന്റെ പെരുമ്പറകള്‍ ദൂരെനിന്നും മുഴങ്ങി കേള്‍ക്കാം. എല്ലാവരും സന്ധ്യക്കുള്ള ഒത്തുചേരലിന് കച്ച കെട്ടുകയാണ്.

"എന്റെ ദേശത്തുനിന്നുമുണ്ടല്ലോ എഴുന്നെള്ളിപ്പ്. വലിയ രണ്ടു കാളകളും കാവടിയും ഇന്നലെ തന്നെ എത്തി. ബാന്‍ഡ് വാദ്യക്കാര് ഇന്നേ എത്തൂ.. അതോ ശിങ്കാരി മേളമോ അറിയില്ല. ശബ്ദം കേട്ട് തുടങ്ങിയാല് ഒന്ന് പോയിനോക്കണം. പടിഞ്ഞാറ്റേലെ ശങ്കരന് കെട്ടും ഒറ്റക്കാളയായിരിക്കും മുന്നില്, പിന്നെ രാമന്‍റെ പൂതനും."

ഇന്നലേം മുത്തശ്ശി പറയുന്ന കേട്ടു. “എത്ര വയസ്സായി എന്നാലും ഓനിത് മുടക്കില്ല.”

“എടാ കഴിഞ്ഞില്ലേ നിന്റെ കുളി ഇതുവരെ.. എന്തെടുക്കുവായിരുന്നു ഇവിടെ...” അമ്മയാണ്.. അമ്പലത്തില് നിന്നുള്ള വരവാണ്. ഏടത്തിയും ഉണ്ട് തൂക്കുപാത്രവും പിടിച്ചു കൂടെ. പായസമായിരിക്കും; ഇനി കുളിക്കാതെ തരമില്ല. ഇത്തിരി പോലും തരില്ല കുളിക്കാതെ ചെന്നാല്.

വേഗം കുളിച്ചൂന്നു വരുത്തി ഓടിയെത്തി. “അമ്മേ.. എനിക്കും വേണം ഒരു ചന്ദനക്കുറി” ഇനി അമ്മയുടെ അടുത്ത് വേണം കാര്യം സാധിക്കാന്‍. ഇക്കുറിയെങ്കിലും ദേശവരവിന്റെ കൂടെ തുള്ളി കളിച്ചു വേണം ഉത്സവപറമ്പിലേക്ക് പോകാന്. ഇതുവരെ സമ്മതിച്ചിട്ടില്ല അമ്മ, കഴിഞ്ഞ കുറി എത്ര കെഞ്ചിയെന്നോ.. ഇനീം വലുതാവണം പോലും.. എന്തായാലും കഴിഞ്ഞ തവണത്തെക്കാള് വലുതായി‍ല്യെ ഞാന്.. ഇപ്രാവശ്യം സമ്മതിക്കുമായിരിക്കും.

ഹും.. ഇക്കുറിയും ഫലം തഥൈവ.. “ആളുകള് കള്ള് കുടിച്ചിട്ടാ പൊടിയില് കിടന്നു കൂത്താടുന്നെ.. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ.. അടി മേടിക്കും നീ.. ഇനിയും ഇവിടെ കിടന്നു കരഞ്ഞാല്.”
അമ്മ വിടുന്ന ലക്ഷണമില്ല. ഇനി നിവര്‍ത്തിയില്ല. എല്ലാവരുടെയും വാലേല് തൂങ്ങി വേണം ഇത്തവണയും ഉത്സവത്തിനു പോവാന്. എന്തായാലും ഉത്സവപറമ്പില് എത്തട്ടെ.

ഉച്ചയൂണ് കഴിഞ്ഞതോടെ അമ്പലത്തിലേക്ക് തിരിക്കേണ്ട തിരക്കായി. തലേന്ന് രാത്രി അച്ഛന്‍ മേടിച്ചു തന്ന പുത്തന്‍ ഷര്‍ട്ടും നിക്കറും ധരിച്ചു ഞാന്‍ തന്നെ മുന്നില്‍ നടന്നു. ഇടവഴി കടന്നു പാടത്തെക്കിറങ്ങി. കണ്ണെത്താത്ത ദൂരം ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്‍. മകരത്തി
ല്‍ കഴിഞ്ഞ കൊയ്ത്തിന്റെ ബാക്കി നെല്കുറ്റികള്‍ കാലിനെ വേദനിപ്പിക്കാനായി നിരന്നു നില്‍പ്പുണ്ട്. എങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ഉത്സവമേളങ്ങളില്‍ മുഴുകി നടന്ന മനസ്സിന് അതൊട്ടും തടസ്സമായിരുന്നില്ല.

പാടം കയറി റോഡിലെത്തി. ഇനി ഒരു കയറ്റം മാത്രം. ദൂരെ നിന്നെ കാണാം കുന്നിന് മുകളി
ല്‍ അമ്പലപ്പറമ്പിലെ ആള്‍ക്കൂട്ടം. വര്‍ണ്ണ ബലൂണുകളും കളിക്കോപ്പുകളും തൂക്കി ചെറുകച്ചവടക്കാര്‍ വഴിയരികിലുണ്ട്.

നേരെ അമ്പലനടയില് ചെന്ന് ദേവിയെ തൊഴുതു. ഇനി ആല്‍ത്തറയില് സ്ഥാനം പിടിക്കണം. എന്നാലേ എല്ലാ വരവുകളും ശരിക്ക് കാണാന് പറ്റൂ.. എല്ലാവരും ഇരുന്നു കഴിഞ്ഞു.. എന്റെ സ്ഥാനം ആല്‍മുത്തശ്ശന്റെ താഴത്തെ കൊമ്പിലായിരുന്നു. ഞാ
ന്‍ ചുറ്റും നോക്കി. ഇനി ഇവിടെ ഇരുന്നാല് ആരെയും പേടിക്കേണ്ട. കലി തുള്ളി എഴുന്നെള്ളും കോമരങ്ങളും തിറയും വൈക്കോല് പൂതനും എല്ലാം താഴെകൂടി ഒഴുകി പോയ്കോളും. ആകെ പേടിക്കാനുള്ളത് ഹനുമാന്‍ വേഷത്തിനെ മാത്രമാണ്. എപ്പോഴാണ് ആള്‍ക്കൂട്ടത്തിലേക്കു കയറി വരിക എന്ന് പറയാന്‍ വയ്യ. എന്തായാലും ഇവിടെ ഇരിപ്പുറപ്പിക്കുക തന്നെ.

ആലിന് മുന്നിലിരുന്ന ദേവിയുടെ തേര് ആണ് ആദ്യം കയറേണ്ടത്. ആളുകള് ചേര്‍ന്ന് എടുത്തു പൊക്കി തുടങ്ങി. കൂടെയുള്ള വാദ്യക്കാരുടെ താളത്തിനോത്ത് കോമരം ഉറഞ്ഞു തുള്ളി. പിറകെ വരവുകളോരോന്നായി ആല്‍മരം ചുറ്റി കയറാ
ന്‍ തുടങ്ങി. പലവര്‍ണ്ണകാവടികളും ഇണക്കാളകളും പോരാത്തതിനു അതാ ദേവീ ദേവന്മാരുടെ വേഷപ്പകര്‍ച്ചളും കൂടെ.. കൊഴുപ്പ് കൂട്ടാന്‍ വാദ്യ മേളങ്ങളും.

എത്ര നേരം മുഴുകി ഇരുന്നെന്നറിയില്ല. ഒരുപാടു ദേശക്കാര്‍ മുന്നിലൂടെ നടന്നു കയറി. നേരം ഇരുട്ടി തുടങ്ങി. ഇണക്കാളകളില് ലൈറ്റുകള്‍ തെളിയുന്നു. ചില കാളകള്‍ക്ക് ജീവനുണ്ടോ.. അവ എന്നെ നോക്കി കണ്ണടച്ച് തുറക്കുന്നു ഇടയ്ക്കിടെ.

ഓരോരുത്തരായി എണീറ്റ് തുടങ്ങി. കൂട്ടം തെറ്റാതിരിക്കാന്‍ അമ്മ കൈ മുറുകെ പിടിച്ചു. ഇനി കച്ചവട തിരക്കിലേക്ക്. ചൂട് പറക്കും ജിലേബിയും മുറുക്കും കുറെ വാങ്ങിച്ചു. എല്ലാം ബന്ധു വീടുകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടേ. എടത്തി എന്നെയും വിളിച്ചു കൊണ്ട് വളക്കച്ചവടക്കാരനടുത്തേക്ക് നടന്നു. രണ്ടു കൈയും നിറയെ വളയണിഞ്ഞു അഹങ്കാരത്തോടെ എന്നെ നോക്കി. ഞാനും മേടിച്ചു രണ്ടു മത്തങ്ങ ബലൂണും ഓടക്കുഴലും.

അപ്പോഴേക്ക് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. രാത്രി വൈകി തുടങ്ങുന്ന നൃത്തനാടകം കാണുവാന്‍ ഊണ് കഴിച്ചു മടങ്ങി വരണം.

മെല്ലെ കുന്നിറങ്ങി റോഡിലൂടെ ഇരുള്‍ പരന്നു തുടങ്ങിയ പാടത്തെക്കിറങ്ങി. അപ്പോഴും പുറകില്‍   ഉത്സവ പറമ്പിലെ ആരവങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.



**** **** ****

എന്തെ ഇന്നിതെല്ലാം എഴുതാന്.. അമ്മ വിളിച്ചു വീട്ടില് നിന്നും.. ഉത്സവം കൊടിയേറിയത് അറിയിക്കാന്.

ഇനിയെനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നേരം ഇരുട്ടിയാല് എന്റെ ബാല്യം ഉത്സവ പറമ്പില് ചുറ്റാനിറങ്ങും....

Sunday, November 27, 2011

പ്രത്യാശ..



ഇരച്ചെത്തിയ തുലാമഴ ഒറ്റശ്വാസത്തില് ദേഷ്യം തീര്‍ത്തു കൊണ്ട് ഓടിപോയി.
എങ്കിലും പുതുക്കി മേയാത്ത മേല്‍ക്കൂരഇടക്കെവിടെയൊക്കെയോ ഓരോതുള്ളി വീഴ്തുന്നുണ്ട്. 

അടുക്കളയില് അമ്മ ആരൊക്കെയോ പ്രാകിക്കൊണ്ട് അടുപ്പ് ഊതിക്കത്തിക്കുന്നു.
ഈറന് വിറകു വീട് മുഴുവന് പുക നിറച്ചു കത്താന് മടി കാണിക്കുകയാണ്.
“എന്താണാവോ ഇത്ര വേവിക്കാന്,”
സന്ധ്യക്ക്  ഇല്ലത്ത്ന്നു ഓടി വരണത് കണ്ടു, 
ഒരു പൊതിയും ഉണ്ടായിരുന്നു കയ്യില്.
ഇന്നും അരി ഇരന്നു വാങ്ങിയിട്ടുണ്ടാവും. അത്താഴപട്ടിണി പാടില്ലത്രേ,

കര്‍ക്കിടകം പിറന്ന മഴയോടൊപ്പം വന്ന ദുരിതമാണ്, 
ഇത് വരെ നിവര്‍ന്നു നിന്നിട്ടില്ല.

പെരുമഴ പെയ്തു കുത്തിയൊലിച്ച ഒരു വൈകുന്നേരം; 
തോടും പാടവും ഒന്നായ നേരം,
തൊട്ടു വരമ്പ് പൊട്ടി പാടത്തേക്കു ചളിയും ചരലും ആവും 
എന്നു പറഞ്ഞു ഓടി പോയതാണ് അച്ഛന്, 
കാലു തെന്നി വഴുതി തോട്ടിലൂടെ കുറെ ദൂരം ഒലിച്ചു പോയത്രേ.. 
എവിടൊക്കെയോ ഒടിവും  ചതവുമായി ആരൊക്കെയോ 
രക്ഷപ്പെടുത്തിയപ്പോഴെക്ക് കുറെ നേരം കഴിഞ്ഞിരുന്നു. 
ആശുപത്രിയില് എത്തിയപ്പോഴേക്കും തീര്‍ന്നൂന്ന് ആരൊക്കെയോ പറേണ കേട്ടു.
അമ്മേടെ കരച്ചിലും ആളുകളുടെ അടക്കം പറച്ചിലും മാത്രമാണ് ഇന്നും കാതിലുള്ളത്. 

വയസ്സായാല് ഒരു വശത്ത് മിണ്ടാതിരുന്നാല് മതി,
അതെങ്ങിനെയാ ഒരുപാട് എടുത്താല്  പൊങ്ങാത്ത 
ആഗ്രഹങ്ങളും മനസ്സില് കൊണ്ട് നടക്കുകയായിരുന്നില്ലേ.. 
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോ ഞാന് പഠിത്തം നിര്‍ത്തി 
വല്ല പണിക്കും പോവാംന്ന്  പറഞ്ഞതാണ്.  
"അപ്പൊ  എന്നെ  പഠിപ്പിച്ചു  വലിയ നിലയിലെക്കണം" 
എന്ന് പറഞ്ഞു  കോളേജില്  കൊണ്ട് ചേര്‍ത്തു. 
കാണുന്നോരുടെ കയ്യില് നിന്നെല്ലാം കടം വാങ്ങലും 
പിന്നെ അത് വീട്ടാനുള്ള നെട്ടോട്ടവും. 
ഇന്നത്തെ കാലത്ത് കൃഷി ചെയ്തിട്ട് എങ്ങിനെ മകനെ 
 കോളേജിലൊക്കെ പഠിപ്പിക്കാനാണ്.അത്യാഗ്രഹം അല്ലാണ്ടെന്താ.. 
ഇപ്പൊ എന്റെ പഠിത്തവും മുടങ്ങി. എല്ലാം നിന്നു.
പുറത്തിറങ്ങിയാല് നാലുഭാഗത്തും കടക്കാര് മാത്രം.
എല്ലാം ഒറ്റയ്ക്ക് വരുത്തി വെച്ചു.. 
എന്നിട്ടിപ്പോ അനുഭവിക്കാന് മറ്റുള്ളോരും..

*** ****** ***
വഴിയറിയാതെ ഇരുട്ടില് തപ്പി നിന്നപ്പോഴാണ് 
ഇന്നലെ മെമ്പര് വന്നു പറയുന്നത്, 
"സര്‍ക്കാരിന്റെ  ദുരിതാശ്വാസനിധി പാസ്സായ വിവരം.. 
MLA വരുന്നുണ്ടത്രേ തരാനായി.. ഈ ആഴ്ചയില്.."

“എത്ര  ലക്ഷം ഉണ്ടാവുമോ ആവോ.. “
എന്തായാലും  ഇനി നന്നായി ജീവിക്കണം,
അച്ഛനെപ്പോലെ  അത്യാഗ്രഹങ്ങളൊന്നും വേണ്ട.. 
പഠിത്തമൊക്കെ നിര്‍ത്തി അമ്മയെയും നോക്കി ജീവിക്കണം.

*** ****** ***
മെല്ലെ ഉമ്മറ പടിയില് നിന്നു പുറത്തേക്കിറങ്ങി..
തെക്കേമൂലയില് നിന്നും ഒരു തണുത്ത കാറ്റ്  പതിയെ വീശി..
വേഗം കതകടച്ചു അകത്തു കയറി..
തണുത്ത ഓര്മകളൊന്നും ഇനി വേണ്ട..

ഇരുണ്ട വെളിച്ചത്തില് മുറ്റത്തെ ചെമ്പരുത്തി 
മഴത്തുള്ളികളും താലോലിച്ചു തലയാട്ടി നില്പ്പുണ്ടായിരുന്നു..

Wednesday, November 2, 2011

ഒരു ഗദ്ഗദം..

സന്ധ്യയായി...
മാനം ഇരുണ്ടു തുടങ്ങി..

രാത്രിയെ സ്വാഗതം ചെയ്തു കൊണ്ട് പടിഞ്ഞാറു ചുവപ്പ് രാശിയില് കുഞ്ഞു താരകങ്ങള് മിഴി തുറന്നു
കരിമ്പടം പുതച്ചു തുടങ്ങിയ പുഴയില് നിന്നും കാറ്റ് മെല്ലെ കരയിലേക്ക് അടിച്ചു കയറുന്നു
തുലാവര്ഷത്തില് പെയ്തൊഴിഞ്ഞതില് പിന്നെ മഴ ഉണ്ടായിട്ടില്ല. പുഴയിലെ ഓളങ്ങള്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. എപ്പൊഴും നിലക്കാമെന്ന മട്ടില് ഊര്ധ്വശ്വാസം വലിച്ചു കൊണ്ടാണൊഴുക്ക്

നേരത്ത് കടത്തിനാരും ഇല്ലാത്തത് കൊണ്ടാവാം കൃഷ്ണന് എപ്പോഴേ തോണി കയറ്റി എങ്ങോ പോയി. അല്ലെങ്കിലും ആര്ക്കും വേണ്ട ഇപ്പൊ തോണിയൊന്നും. ആരും കയറാറില്ലകുറച്ചു തെക്കോട്ട് ചെന്നാല് പുതിയ പാലം വന്നിട്ടുണ്ട് അക്കരെയ്ക്കു.

കൃഷ്ണന്റെ തോണീം കാത്തിരുന്നാല് ഒരു കാര്യോം നടക്കില്ല. അല്ലേലും ഓനിപ്പോ ഇതിനൊക്കെ എവിടാ നേരം. ഉള്ള  സമയത്ത്  ഇത്തിരി മണല് വാരിയാ കുടുംബം കഴിഞ്ഞു പോവും.” കാലം എത്ര മാറി.

"ആദ്യം കയ്യിലുള്ളത് വിറ്റുതിന്നു, പിന്നെ വീട്ടിലുള്ളതും.. ഇപ്പൊ നാട്ടിലേം... "

പുറകിലെ ആഞ്ഞിലി മരത്തില് ചേക്കേറിയ പക്ഷികള് എന്തിനോ വെറുതെ ചിലക്കുന്നുണ്ട്. ഞാനിവിടെ ഒറ്റക്കിരിക്കുന്നത് അവരുടെയും സ്വസ്ഥത നശിപ്പിക്കുന്നുണ്ടാവുമോ ?

വീട്ടിലിരുന്നു സമാധാനം കിട്ടാതായപ്പോള്പോന്നതാണ്.  
എന്ത് ചെയ്യാനാ..  കുഞ്ഞുമോള്  സ്കൂള്വിട്ടു വരുന്ന നേരമായിരുന്നു.  

ബസ്സിറങ്ങിമുത്തശ്ശാ..”  എന്നും വിളിച്ചാ വരിക.. 
ബഹളമുണ്ടാക്കി കളിക്കണം, മടിയിലിരുത്തി കഥ പറഞ്ഞു കൊടുക്കണം,  
ഒരു ദിവസത്തെ മുഴുവന്വിശേഷങ്ങളും അവള്ക്കു ഒറ്റശ്വാസത്തില് പറഞ്ഞു തീര്ക്കണം.

ലക്ഷ്മി പോയതില്പിന്നെ ആരുമില്ലാതായിപോയ തനിക്കു അവള്മാത്രമായിരുന്നു കൂട്ട്..
കുറച്ചു ദിവസമായിട്ടു അവളുടെ അമ്മക്ക് ഇത്തിരി ദേഷ്യക്കൂടുതലാണ്. മകളോട് മിണ്ടുന്നതും കൊഞ്ചിക്കുന്നതും ഇഷ്ടമാല്ലാത്തപോലെ.പരീക്ഷ വരുന്നുണ്ടത്രേ വെറുതെ ഓരോ കഥകളൊക്കെ പറഞ്ഞു അവള്ക്കു പഠിക്കാനൊന്നും ശ്രദ്ധയില്ലാതായിട്ടുണ്ടത്രേ.. ഒക്കെത്തിനും ഒരതിര് വേണമത്രേ..

വൃദ്ധനു അറിയാതെ പോയി എങ്ങിനെയ അതിര് വെക്കേണ്ടത്...  
കൊഞ്ചി  ഓടി വരുന്നവരുന്ന  മോളുടെ  മുന്നില്  നിന്ന്  ഒഴിഞ്ഞു  മാറാന്  കഴിയുന്നില്ല.

ഇന്നും വാരിയെടുത്തപ്പോള് വെറുതെ വഴക്ക് പറഞ്ഞു..  
മുറിയിലെ ചാരു കസേര കാണിച്ചു അവിടെ ഇരുന്നാല് മതി..  തിന്നാനുള്ളത് മൂന്നുതരം അവിടെക്കെത്തിച്ചെക്കാം എന്ന് ഉത്തരവും.. കേട്ടിട്ട് സഹിച്ചില്ല... അപ്പോഴിറങ്ങി നടന്നതാണ് എങ്ങോട്ടെന്നില്ലാതെ..

വയസ്സായവരുടെ ലാളനയും കഥകളും കേട്ട് വളര്ന്നാല്ഇന്നത്തെ കുട്ടികള്പിറകിലായി പോകുമോ.. 
മോശമായി പോകുമോ.. അറിയില്ല ഇനി ചിലപ്പോ, ഇന്നത്തെ തലമുറയുടെ പരീക്ഷകള്വളരെ കടുത്തതായിരിക്കും.. അവര്ക്ക് പുതിയ അറിവുകളായിരിക്കും ആവശ്യം... നരച്ചു ചുളിഞ്ഞ കൈകളുടെ തലോടലിനെക്കാള്‍.... 


“നല്കാന്പുതിയതൊന്നുമില്ലാത്ത ഞാന്ഇനി മിണ്ടാതിരുന്നെക്കാം.. 
എന്റെ മക്കളും ജയിക്കെണ്ടേ...”

Thursday, October 20, 2011

നാളെയ്ക്കായ്‌...ഈ വരികള്‍..

















ഇവിടെയിനിയും  കുയിലുകള്‍  പാടും..
മയിലുകള്‍ നൃത്തം വെക്കും..
കതിരണിഞ്ഞ വയലേലകള്‍ കാറ്റിലുലയും..
പുഴകള്‍ പൊട്ടിച്ചിരിച്ചു കൊണ്ടൊഴുകും..

കാലങ്ങള്‍ പിറകെ..
കാതങ്ങള്‍ക്കു പിറകെ
നാം പിച്ച വെച്ച് തുടങ്ങും മുന്‍പേ..
കണ്‍ തുറന്നുണരും മുന്‍പേ..

നമ്മെ സൃഷ്ടിച്ച നമുക്ക് വഴികാട്ടിയ
പൂര്‍വികര്‍ വാണിരുന്ന ലോകം.. 

എന്തൊക്കെയോ വെട്ടിപ്പിടിക്കുവാന്‍
ആര്‍ത്തിമൂത്ത് ജീവിച്ച ജന്മങ്ങള്‍..
ആര്‍ക്കോ വേണ്ടി എന്തൊക്കെയോ വാരിക്കൂട്ടി
ആര്‍ക്കുമൊന്നും ബാക്കി വെക്കാതെ മടങ്ങിയ ജന്മങ്ങള്‍..

ബാക്കിയായതീ ഉരുകും മണ്ണും...
കുറെ നഷ്ട സ്മൃതികളും...
ഇവിടെ നാം നമുക്കായ് തീര്‍ക്കാം ആധുനികതയുടെ ലോകം..
കണ്മുന്നില്‍ തെളിയുന്ന സ്ക്രീനില്‍ ചലിക്കും പുതു ലോകം...

ഇവിടെയിനിയും  കുയിലുകള്‍  പാടും..
മയിലുകള്‍ നൃത്തം വെക്കും..
കതിരണിഞ്ഞ വയലേലകള്‍ കാറ്റിലുലയും..
പുഴകള്‍ പൊട്ടിച്ചിരിച്ചു കൊണ്ടൊഴുകും..

Wednesday, October 12, 2011

ഉത്സവം..


അക്കരെ കാവില് ഉത്സവം കൊടിയേറി. ഇനിയങ്ങോട്ട് ആഘോഷ തിമിര്‍പ്പാണ്.
കുംഭമാസത്തില അവസാന വെള്ളിയാഴ്ചയാണ് പ്രധാന ഉത്സവം.

കൊടിയേറ്റം കഴിഞ്ഞാല് പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഓരോ ദിവസവും ഓരോരോ ദേശങ്ങളില് നിന്നും നാടുചുറ്റാനിറങ്ങുന്ന പൂതനും തിറയും വീട്ടിലെക്കെത്തും.
അമ്മ മുറം നിറയെ നെല്ലും നിലവിളക്കുമായി സ്വീകരിക്കും. മുറ്റത്തെത്തിയ തിറ കളി കഴിഞ്ഞു അനുഗ്രഹം ചൊരിയാന് ഒരു പിടി നെന്മണി വാരി എറിയും. ഏറ...്റവും പുറകിലായി ഞാനും ആ നെന്മണി ഏറ്റുവാങ്ങാന് ഒളിഞ്ഞു നില്‍പ്പുണ്ടാവും.

ഉത്സവ ദിവസം രാവിലെ മുതലേ ഘോഷം കൂട്ടിതുടങ്ങും. അകലെയുള്ള ബന്ധുക്കളും കുട്ടികളും വീട്ടിലെക്കെത്തും. നാനാദേശക്കാരുടെയും തയ്യാറെടുപ്പിന്റെ പെരുമ്പറകള് ദൂരെനിന്നും മുഴങ്ങി കേള്‍ക്കാം. എല്ലാവരും സന്ധ്യക്കുള്ള ഒത്തുചേരലിന് കച്ച കെട്ടുകയാണ്.

എന്റെ ദേശത്തുനിന്നുമുണ്ടല്ലോ വരവ് പോകുന്നു. വലിയ രണ്ടു കാളകളും കാവടിയും ഇന്നലെ തന്നെ എത്തി. ബാന്‍ഡ് വാദ്യക്കാര് ഇന്നേ എത്തൂ.. അതോ ശിങ്കാരി മേളമോ അറിയില്ല. ശബ്ദം കേട്ട് തുടങ്ങിയാല് ഒന്ന് പോയിനോക്കണം. പടിഞ്ഞാറ്റേലെ ശങ്കരന് കെട്ടും ഒറ്റക്കാളയായിരിക്കും മുന്നില്, പിന്നെ രാമന്‍റെ പൂതനും.
ഇന്നലേം മുത്തശ്ശി പറയുന്ന കേട്ടു. “എത്ര വയസ്സായി എന്നാലും ഓനിത് മുടക്കില്ല.”

“എടാ കഴിഞ്ഞില്ലേ നിന്റെ കുളി ഇതുവരെ.. എന്തെടുക്കുവായിരുന്നു ഇവിടെ...” അമ്മയാണ്.. അമ്പലത്തില് നിന്നുള്ള വരവാണ്. ഏടത്തിയും ഉണ്ട് തൂക്കുപാത്രവും പിടിച്ചു കൂടെ. പായസമായിരിക്കും, ഇനി കുളിക്കാതെ തരമില്ല. ഇത്തിരി പോലും തരില്ല കുളിക്കാതെ ചെന്നാല്.

വേഗം കുളിച്ചൂന്നു വരുത്തി ഓടി എത്തി. “അമ്മേ.. എനിക്കും വേണം ഒരു ചന്ദനക്കുറി” ഇനി അമ്മയുടെ അടുത്ത് വേണം കാര്യം സാധിക്കാന്. ഇക്കുറിയെങ്കിലും ദേശവരവിന്റെ കൂടെ തുള്ളി കളിച്ചു വേണം ഉത്സവപറമ്പിലേക്ക് പോകാന്. ഇതുവരെ സമ്മതിച്ചിട്ടില്ല അമ്മ, കഴിഞ്ഞ കുറി എത്ര കെഞ്ചിയെന്നോ.. ഇനീം വലുതാവണം പോലും.. എന്തായാലും കഴിഞ്ഞ തവണത്തെക്കാള് വലുതായി‍ല്യെ ഞാന്.. ഇപ്രാവശ്യം സമ്മതിക്കുമായിരിക്കും.

ഹും.. ഇക്കുറിയും ഫലം തഥൈവ.. “ആളുകള് കള്ള് കുടിച്ചിട്ടാ പൊടിയില് കിടന്നു കൂത്താടുന്നെ.. ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ.. അടി മേടിക്കും നീ.. ഇനിയും ഇവിടെ കിടന്നു കരഞ്ഞാല്.”

ഇനി നിവര്‍ത്തിയില്ല. എല്ലാവരുടെയും വാലേല് തൂങ്ങി വേണം ഇത്തവണയും ഉത്സവത്തിനു പോവാന്. എന്തായാലും ഉത്സവപറമ്പില് എത്തട്ടെ.

ഉച്ചയൂണ് കഴിഞ്ഞതോടെ അമ്പലത്തിലേക്ക് തിരിക്കേണ്ട തിരക്കായി. തലേന്ന് രാത്രി അച്ഛന് മേടിച്ചു തന്ന പുത്തന് ഷര്‍ട്ടും നിക്കറും ധരിച്ചു ഞാന് തന്നെ മുന്നില് നടന്നു.

ഇടവഴി കടന്നു പാടത്തെക്കിറങ്ങി. കണ്ണെത്താത്ത ദൂരം ഒഴിഞ്ഞു കിടക്കുന്ന പാടങ്ങള്.
മകരത്തില് കഴിഞ്ഞ കൊയ്ത്തിന്റെ ബാക്കി നെല്കുറ്റികള് കാലിനെ വേദനിപ്പിക്കാന് നിരന്നു നില്‍പ്പുണ്ട്. എങ്കിലും ഉയര്‍ന്നു കേള്‍ക്കുന്ന ഉത്സവമേളങ്ങളില് മുഴുകി നടന്ന മനസ്സിന് അതൊട്ടും തടസ്സമായിരുന്നില്ല.

പാടം കയറി റോഡിലെത്തി. ഇനി ഒരു കയറ്റം മാത്രം. ദൂരെ നിന്നെ കാണാം കുന്നിന് മുകളില് അമ്പലപ്പറമ്പിലെ ആള്‍ക്കൂട്ടം. പലവര്ണ ബലൂണുകളും കളിക്കോപ്പുകളും തൂക്കി ചെറുകച്ചവടക്കാര് വഴിയരികിലുണ്ട്.

നേരെ അമ്പലനടയില് ചെന്ന് ദേവിയെ തൊഴുതു. ഇനി ആല്‍ത്തറയില് സ്ഥാനം പിടിക്കണം. എന്നാലേ എല്ലാ വരവുകളും ശരിക്ക് കാണാന് പറ്റൂ..

എല്ലാവരും ഇരുന്നു കഴിഞ്ഞു.. എന്റെ സ്ഥാനം ആല്‍മുത്തശ്ശന്റെ താഴത്തെ കൊമ്പിലായിരുന്നു.
ഞാന് ചുറ്റും നോക്കി. ഇനി ഇവിടെ ഇരുന്നാല് ആരെയും പേടിക്കേണ്ട. കലി തുള്ളി എഴുന്നെള്ളും കോമരങ്ങളും തിറയും വൈക്കോല് പൂതനും എല്ലാം താഴെ കൂടി ഒഴുകി പോയ്കോളും. ആകെ പേടിക്കാനുള്ളത് ഹനുമാന് വേഷത്തിനെ മാത്രമാണ്. എപ്പോഴാണ് ആള്‍ക്കൂട്ടത്തിലേക്കു കയറി വരിക എന്ന് പറയാന് വയ്യ. എന്തായാലും ഇവിടെ ഇരിപ്പുറപ്പിക്കുക തന്നെ.

ആലിന് മുന്നിലിരുന്ന ദേവിയുടെ തേര് ആണ് ആദ്യം കയറേണ്ടത്. ആളുകള് ചേര്‍ന്ന് എടുത്തു പൊക്കി തുടങ്ങി. കൂടെയുള്ള വാദ്യക്കാരുടെ താളത്തിനോത്ത് കോമരം ഉറഞ്ഞു തുള്ളി. പിറകെ വരവുകളോരോന്നായി ആല്‍മരം ചുറ്റി കയറാന് തുടങ്ങി. പലവര്ണ കാവടികളും ഇണക്കാളകളും പോരാത്തതിനു അതാ ദേവീ ദേവന്മാരുടെ വേഷപ്പകര്ച്ചകളും കൂടെ.. കൊഴുപ്പ് കൂട്ടാന് വാദ്യ മേളങ്ങളും.

എത്ര നേരം മുഴുകി ഇരുന്നെന്നറിയില്ല. ഒരുപാടു ദേശക്കാര് മുന്നിലൂടെ നടന്നു കയറി. നേരം ഇരുട്ടി തുടങ്ങി. ഇണക്കാളകളില് ലൈറ്റുകള് തെളിയുന്നു. ചില കാളകള്‍ക്ക് ജീവനുണ്ടോ.. അവ എന്നെ നോക്കി കണ്ണടച്ച് തുറക്കുന്നു ഇടയ്ക്കിടെ.

ഓരോരുത്തരായി എണീറ്റ് തുടങ്ങി. കൂട്ടം തെറ്റാതിരിക്കാന് അമ്മ കൈ മുറുകെ പിടിച്ചു. ഇനി കച്ചവട തിരക്കിലേക്ക്. ചൂട് പറക്കും ജിലേബിയും മുറുക്കും കുറെ വാങ്ങിച്ചു. എല്ലാം ബന്ധു വീടുകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടേ.

എടത്തി എന്നെയും വിളിച്ചു കൊണ്ട് വളക്കച്ചവടക്കാരനടുതെക്ക് നടന്നു. രണ്ടു കൈയും നിറയെ വളയണിഞ്ഞു അഹങ്കാരത്തോടെ എന്നെ നോക്കി. ഞാനും മേടിച്ചു രണ്ടു മത്തങ്ങ ബലൂണും ഓടക്കുഴലും.

അപ്പോഴേക്ക് വീട്ടിലേക്കു മടങ്ങാന് സമയമായി. രാത്രി വൈകി തുടങ്ങുന്ന നൃത്തനാടകം കാണുവാന് ഊണ് കഴിച്ചു മടങ്ങി വരണം.

മെല്ലെ കുന്നിറങ്ങി റോഡിലൂടെ ഇരുള് പറന്നു തുടങ്ങിയ പാടത്തെക്കിറങ്ങി. അപ്പോഴും പുറകില് ഉത്സവ പറമ്പിലെ ആരവങ്ങള് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടായിരുന്നു.

എന്തെ ഇന്നിതെല്ലാം എഴുതാന്.. അമ്മ വിളിച്ചു വീട്ടില് നിന്നും.. ഉത്സവം കൊടിയേറിയത് അറിയിക്കാന്.

ഇനിയെനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നേരം ഇരുട്ടിയാല് എന്റെ ബാല്യം ഉത്സവ പറമ്പില് ചുറ്റാനിറങ്ങും....

Tuesday, October 11, 2011

എന്‍റെ (തൂലികയുടെ) മരണം..

ഇവിടെ എന്‍ തൂലികയുടെ മരണമാണ്..
അവസാന തുള്ളി രക്തവും ഒപ്പി ഞാന്‍ എഴുതി..
എന്‍റെ പ്രണയം.

ചുമന്ന അക്ഷരങ്ങള് എന്നും നിനക്കിഷ്ടമായിരുന്നു.
അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ..
എഴുതിയ എന്നെ മറന്നു..

അരുണന്‍ അണയും അംബരം നോക്കി
നീ ഒരുപാട് കഥകള് പറഞ്ഞിരുന്നു..
സാഗരം തഴുകിയെത്തും മാരുതന്‍
നിന്‍റെ മുടിയിഴകളെ മെല്ലെ ഉലയ്ക്കുന്നതും
നോക്കി ഞാന്‍ മിണ്ടാതിരുന്നു..

ഞാനെഴുതിയിരുന്ന ഓരോ വരികളിലും
ഞാന് മീട്ടിയിരുന്ന ഓരോ തന്ത്രികളിലും
നിറഞ്ഞു നിന്നിരുന്നത് നീ മാത്രമായിരുന്നു..

സ്വപ്നങ്ങളെല്ലാം ഒരുമിച്ചു നെയ്തുവെങ്കിലും
അതിന്‍ നിറങ്ങളെല്ലാം നിന്‍റെ
കല്പ്പനക്കനുസരിച്ചു മാത്രമായിരുന്നു...

ദിശയറിയാതൊഴുകിയ എന്‍ ജീവിതം
ഈ വനവാസത്തിനെന്നെ ക്ഷണിച്ചു..
വിടപറയും നേരം നീ പറഞ്ഞ വാക്കുകളായിരുന്നു
ജീവിക്കാനുള്ള എന്‍റെ കരുത്ത്..

കല്ലും മുള്ളും നിറഞ്ഞ ആരണ്യ പാതയില്‍
ഉഴറിയ വേളകളിലെല്ലാം
നിന്നോര്‍മകള്‍ മാത്രമായിരുന്നു കൂട്ട്..

അരികെ ചിലച്ച ഫോണുകളിലെല്ലാം
വെമ്പലോടെ ഞാന്‍ തിരഞ്ഞത്
നിന്നെ മാത്രമായിരുന്നു..

മുറിഞ്ഞ ഫോണ്‍കോളുകളും
ചെറിയ ഇടവേളകളും
നിന്‍റെ സ്നേഹത്തിനും അകലം സൃഷ്ടിച്ചുവോ..

നിന്നെ വിളിച്ച ഓരോ നിമിഷവും
എന്റെ ഹൃദയം മുറിയുകയായിരുന്നു...
നീയെന്തേ അതറിയാതെ പോയീ..
ഒന്നും പറയാതെ എന്തേ നീ അകന്നു പോയീ..

ഇതെന്റെ അവസാന നാലുവരിയാണ്‌
ഹൃദയം മുറിഞ്ഞു ഒഴുകി തീര്‍ന്ന
രക്തത്തില്‍ മുക്കി ഞാന്‍ എഴുതുന്നത്‌
ഇനിയില്ല ഒഴുകാന്.‍..എഴുതാനും.

എന്നും ചുമന്ന അക്ഷരങ്ങളെ മാത്രം സ്നേഹിച്ച നീ
ഈ അക്ഷരങ്ങളെ മാത്രം സ്നേഹിക്കാതിരിക്കരുത്‌..

Friday, August 5, 2011

ഓര്‍മ തന്‍ താളുകള്‍ മറിയുമ്പോള്‍...

എന്താണു ... എഴുതുക..

എന്‍റെ ബാല്യകാലം. എങ്ങിനെ ഞാനതിനെക്കുറിച്ചോര്‍ക്കും. ഓര്‍മവെച്ച നാള്‍ മുതല്‍ പിന്നിട്ട വഴികള്‍... പാതി വിടര്‍ന്ന സൌഹൃങ്ങള്‍...അകന്നു പോയ നിഴലുകള്‍... എല്ലാം നേര്‍ത്തരോര്‍മ്മമാത്രം.. പക്ഷെ എല്ലാമോര്‍ത്തെടുക്കണം. കൊഴിഞ്ഞുപോയ സ്വപ്നങ്ങളും വിടരാനിരിന്നിരുന്ന മോഹങ്ങളും... എല്ലാം എന്നിലുമുണ്ടായിരുന്നു.

"ഞാന്‍ മാത്രമെന്തായിങ്ങനെ എന്നും കൊച്ചുകുട്ടിയായിത്തന്നെയിരിക്കുന്നെ...? ഞാനെന്നാ മുത്തച്ഛനെ പോലെ വളര്‍ന്നു വലിയോരാളാകുന്നെ....??" ഉമ്മറത്തെ ചാരുകസേരയിയില്‍ മുത്തച്ഛന്റെ മടിയിലിരുന്നു വിഷമത്തോടെ ഞാന്‍ ചോദിക്കുമായിരുന്നു. "എന്‍റെ മോനെന്നും കൊച്ചുകുട്ടിയായി ഇങ്ങനെ എന്‍റെ മടിയിലിരിക്കുന്നതാണെനിക്കിഷ്ടം." എന്‍റെ തലമുടിയില്‍ വാര്‍ധക്യം തളര്‍ത്തി തുടങ്ങിയ കൈവിരലുകളോടിച്ചു പറയുമ്പോള്‍ എനിക്കേറെ സങ്കടം വന്നിരുന്നു.. മുത്തച്ഛന്റെ കൈയില്‍ ദേഷ്യത്തില്‍ പല്ല് താഴ്ത്തുമായിരുന്നു..

കാലം നീങ്ങുംതോറും ഞാനും വളര്‍ന്നു. വളരെ വേഗം. പക്ഷെ, ഞാന്‍ വളര്‍ന്നു വലുതാകരുതെ എന്നാശിച്ച എന്‍റെ മുത്തച്ഛന്‍, അദ്ദേഹത്തിന് മാത്രം ഞാന്‍ വളരുന്നത് ഇഷ്ടമായില്ല. അല്ലെങ്കില്‍ ഞാന്‍ വളര്ന്നുതുടങ്ങിയപ്പോള്‍ തന്നെ എന്നോട് പിണങ്ങി ഈ ലോകം തന്നെ വിട്ടുപോകില്ലായിരുന്നല്ലോ...

പക്ഷെ.. പിന്നീട് അമ്മ വര്‍ഷത്തിലൊരിക്കല്‍ ഈറനുടുത്തു ഇത് മുത്തച്ചനാ.., എന്ന്  പറഞ്ഞു ഉരുള ഉരുട്ടി വെച്ച് എണീറ്റ്‌ കൈ കൊട്ടുമ്പോള്‍ പറന്നു വരുമായിരുന്ന കാക്ക, അന്നെനിക്കുറപ്പായിരുന്നു അതെന്റെ മുത്തച്ച്ചനാണെന്നു .. കാക്കയെ നോക്കി ഞാന്‍ തെല്ലഹങ്കാരത്തോടെ പറയുമായിരുന്നു... കണ്ടോ ഞാനും വളര്‍ന്നിരിക്കുന്നു.. കണ്ടോളൂ...

എന്‍റെ ഓര്‍മക്കും ഒരു backward function ഉണ്ടായിരുന്നെങ്കില്‍.. എനിക്കും ഇപ്പോള്‍ ഒത്തിരി പറയാനുണ്ടാകുമായിരുന്നു.. എഴുതാനും...
കുഞ്ഞുനാളില്‍ എല്ലാവരെയും പോലെ സ്കൂളില്‍ പോകാന്‍ എനിക്കും മടിയായിരുന്നു. എന്‍റെ കൂട്ടുകാരെല്ലാം അമ്മയുടെയും അച്ഛന്റെയും കൈകളില്‍ തൂങ്ങി സ്കൂളിലേക്ക് വരുമ്പോള്‍ ഞാനൊരിക്കലും അതിനു തയ്യാറായിരുന്നില്ല.. ഞാന്‍ സ്കൂളിലെത്തണമെങ്കില്‍ എന്നെയും എന്‍റെ ബാഗിനെയും അമ്മ, എന്റെമ്മ ചുമക്കണമായിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന സമയം, എന്‍റെ ക്ലാസ്സിലെ മാഷ് - ശ്രീകുമാരന്‍ മാഷ്- (അദ്ദേഹത്തിന് നീണ്ട താടി ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ അദ്ധേഹത്തെ താടിമാഷ് എന്നും വിളിച്ചിരുന്നു). എന്നും അമ്മയുടെ ഒക്കത്തിരുന്നു വരുന്ന എന്നെ മാഷ് കളിയാക്കുമായിരുന്നു. എന്നിട്ട് അമ്മയോട് പറയുമായിരുന്നു.. തമാശയോടെ ആയിരിക്കാം.. പക്ഷെ എനിക്ക് പേടിയായിരുന്നു.. "ഇവനെ ഇനി സ്കൂളിലേക്ക് കൊണ്ടുവരേണ്ട.. ഇനി എന്ന് നടന്നു വരുന്നോ അന്ന് മതി..."
പിന്നീടെന്നും മാഷ് ദൂരെനിന്നും വരുന്നത് കണ്ടാല്‍ ഞാന്‍ അമ്മയുടെ ചുമലില്‍ നിന്നും ധൃതിയില്‍ ഇറങ്ങി നടക്കാന്‍ ആരംഭിക്കുമായിരുന്നു. വൈകാതെ ഞാനും മറ്റുള്ളവരെ പോലെ നടന്നു പോകാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ...

ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്ന എന്‍റെ വിദ്യാലയ ജീവിതം ഓരോ വര്‍ഷവും ഒരുപാട് സൌഹൃദങ്ങളും, ഒരുപിടി വിരഹങ്ങളും എനിക്ക് സമ്മാനിച്ചിരുന്നു. തുറന്നു പറയുന്നത് അധികപ്രസംഗമാണെന്ന് തോന്നുമെങ്കിലും, സത്യം പറഞ്ഞാല്‍ ഞാന്‍ ക്ലാസ്സില്‍ എന്നും ഒന്നാമനായിരുന്നു. അച്ഛനും അമ്മയും എന്നും എന്നെ "മൂക്കില്ല രാജ്യത്തെ മുറിമൂക്കന്‍ രാജാവ്" എന്ന് കളിയാക്കി വിളിക്കുമായിരുന്നു, കാരണം എന്‍റെ രണ്ടു വര്‍ഷത്തിനു മാത്രം മുതിര്‍ന്ന ചേച്ചി കാണുന്ന പുസ്തകങ്ങളെല്ലാം വാരിവലിച്ചിട്ടു എന്തൊക്കെയോ എഴുതിയും ഉറക്കെ വായിച്ചുമിരിക്കുമ്പോള്‍ ഞാന്‍ പുസ്തകം തുറക്കുന്നതെ വിരളമായിരുന്നു. എങ്കിലും പരീക്ഷ വരുന്ന അവസരത്തില്‍ മടിയന്‍ മല ചുമക്കും എന്ന ചൊല്ലിനെ അക്ഷരാര്ത്ഥമാക്കി  ഞാനും എന്തൊക്കെയോ മനപ്പാഠമാക്കുമായിരുന്നു. എല്ലാ വിഷയങ്ങളിലും ഒന്നാമാതെത്തുമായിരുന്ന ഞാന്‍ എല്ലാ അധ്യാപകര്‍ക്കും സുപരിചിതനായിരുന്നു. അതില്‍ ചില പരിചയങ്ങള്‍ ഞാന്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നു.

ഞാന്‍ പഠിച്ചിരുന്ന, ഞാന്‍ "തിങ്കളും താരങ്ങളും തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം" എന്ന് പാടി പഠിച്ച ആ കൊച്ചു സര്ക്കാര്‍ വിദ്യാലയത്തില്‍ ഈയടുത്തിടെ ഒരു സന്ധ്യക്ക്‌ ഞാന്‍ പോകാനിടയായി. പഴയതിലും ഒത്തിരി മാറിയിരിക്കുന്നു. പഴയ ചുറ്റുമതില്‍ ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന കിണറിന്റെ സ്ഥാനത്തു നല്ല കോണ്ക്രീറ്റ് ആള്‍മറ പടുത്തുയര്ത്തിയിരുന്നു. ദ്രവിച്ചു വീഴാറായ മേല്‍ക്കൂരയും നിറം മങ്ങിയ ഓടുകളും ഒന്നും ഇന്നില്ല... പക്ഷെ ആ പഴയ നെല്ലിമരം ഇന്നും ആ മുറ്റം നിറയെ കുഞ്ഞു ഇലകള്‍ പൊഴിച്ചുകൊണ്ട്‌ നില്‍പ്പുണ്ടായിരുന്നു. കാണുവാന്‍ വലിയ മരമൊക്കെയാണെങ്കിലും ഒരു കുഞ്ഞു നെല്ലിക്ക പോലും ആ മരം ഞങ്ങള്ക്ക് തന്നിരുന്നില്ല. നെല്ലിമരത്തിന് താഴെയുണ്ടായിരുന്ന കൊച്ചു മിട്ടായിക്കടക്കാരനെയും അന്നെനിക്ക് അവിടെ കാണുവാന്‍ കഴിഞ്ഞില്ല. ജീവിത പ്രാരാബ്ധങ്ങളുടെ കുത്തൊഴുക്കില്‍ പെട്ട് ആ മിട്ടായിക്കടക്കാരനും പലായനം ചെയ്തിരിക്കാം. ഓടുപാകിയ ആ വിദ്യാലയത്തെ ഞാന്‍ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കി. എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നല്ലാതെ എന്‍റെ പഴയ ഓര്‍മകളിലെ വിദ്യാലയം എനിക്ക് കാണാന്‍ കഴിഞ്ഞു. നൊമ്പരത്തോടെ ആ പഴയ ഓര്‍മകളെ ചികഞ്ഞെടുക്കാന്‍ ഞാന്‍ ആശിച്ചു... കണ്ണടച്ചാല്‍ എനിക്കെന്റെ സഹപാഠികളെ കാണാമായിരുന്നു. എന്നും അടിച്ചു പിരിഞ്ഞും കളിയാക്കിചിരിച്ചും സ്ലേറ്റു പെന്‍സില്‍ കട്ടെടുത്തും, പിടിക്കപ്പെടുമ്പോള്‍  ചിണുങ്ങിക്കരഞ്ഞും കടന്നുപോയ ആ ബാല്യകാലത്തിലേക്ക് നിമിഷനേരത്തേക്കെങ്കിലും പറന്നു പോകാന്‍ കഴിയുമായിരുന്നു. എല്ലാമിനി ഒരിക്കലും തിരിച്ചുകിട്ടാത്ത, ഒരിക്കലും തിരിച്ചു വരാത്ത ഓര്‍മകളായി മാറി എന്നറിയാമെങ്കിലും....

പുറകിലെ പാടത്തു നിന്നും പതിയെ വീശിയിരുന്ന പടിഞ്ഞാറന്‍ കാറ്റിനു എന്നെ കുളിരണിയിക്കാനുള്ള  ശക്തിയുണ്ടായിരുന്നു. കേരവൃക്ഷക്കൂട്ടങ്ങള്‍ക്കു കീഴെ മറയാന്‍ വെമ്പിയ സൂര്യന്‍ തന്റെ യാത്ര വഴിയെ ചുവപ്പുചാര്‍ത്തിയിരുന്നു.  അകലേക്ക്‌ കണ്ണുനട്ട് ഞാന്‍ സ്കൂളിന്റെ പുറകിലെ ചെറിയ പാരക്കൂട്ടങ്ങല്ക് മുകളിലിരുന്നു.. ആ പാറകളില്‍ ഇന്നും ഞങ്ങള്‍ ഇല വെച്ച് കുത്തിക്കളിച്ചിരുന്ന ചെറിയ കുഴികള്‍ കാണാമായിരുന്നു. ആ ദിവസത്തെ നിശാദേവി കവര്‍ന്നെടുക്കുന്നത്‌ അറിയാന്‍ ഞാന്‍ വൈകി.. പോക്കറ്റില്‍ കിടന്ന ഫോണ്‍ റിംഗ് ചെയ്യുന്നതുകെട്ടു പിടഞ്ഞുണര്‍ന്നു.എടുക്കാനാഞ്ഞ ഫോണ്‍, പെട്ടെന്ന് നിശബ്ദനായി.. എന്നെ കളിയാക്കും  പോലെ സ്ക്രീനില്‍ 1 missed call  എന്ന് തെളിഞ്ഞു.. ഇതാര് എന്ന് നോക്കിക്കൊണ്ട്‌ ഞാന്‍ പതിയെ എഴുന്നേറ്റു നടന്നു..

ഞാന്‍ കുറച്ചു മുതിര്‍ന്നപ്പോള്‍, നാലാം ക്ലാസ് പാസ്സായപ്പോള്‍ എന്‍റെ വിദ്യാഭ്യാസം തൊട്ടടുത്ത മറ്റൊരു  സ്കൂളിലേക്ക് മാറ്റി. ആദ്യമൊക്കെ അവിടേക്ക് ചെല്ലുമ്പോള്‍ വല്ലാത്തൊരമ്പരപ്പായിരുന്നു. കാരണം ഞാന്‍ പണ്ട് പഠിച്ചിരുന്ന സ്കൂളില്‍ വെറും നാല് ക്ലാസ്സ്‌മുറികളും ഞങ്ങള്‍ കുറച്ചു കുട്ടികളുമേ  ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇവിടെ ധാരാളം കുട്ടികള്‍, നിറയെ ക്ലാസ്സ് മുറികള്‍ കാണുന്നിടത്തെല്ലാം അധ്യാപകര്‍ സദാസത്തും ചൂരല്‍ വടിയുമായി നടന്നിരുന്ന ഹെഡ്മിസ്ട്രെസ്സ്, ആനി ടീച്ചര്‍. എല്ലാവരുടെയും പേടിസ്വപ്നം രാജന്‍ മാഷ്‌.. കണക്കുടീച്ചര്‍ ശാന്തകുമാരി ടീച്ചര്‍, എന്നെ മലയാളം പഠിപ്പിച്ചിരുന്ന വാസന്തി ടീച്ചര്‍, പ്രസന്ന ടീച്ചര്‍. ... ആ ലോകം വല്ലാത്ത അപരിചിതത്വം നിറഞ്ഞതായിരുന്നു. ക്ലാസ്സില്‍ എന്നോട് മത്സരിക്കാന്‍ നിരവധി മിടുക്കന്മാരും മിടുക്കികളുമായ കൂട്ടുകാരുണ്ടായിരുന്നു. അമ്മ നിരന്തരം എന്നെ ഓര്‍മിപ്പിച്ചു.. പുതിയ സ്കൂ‍ളാണ്, ക്ലാസ്സാണ് ആദ്യമേ ഉഴപ്പേണ്ട.. മടി പിടിച്ചിരുന്നാല്‍ എന്നും പുറകിലെ ബെന്ചിലായിരിക്കും സ്ഥാനം. എന്‍റെ ചേച്ചി പഠിച്ചിരുന്ന സ്കൂ‍ളായത് കാരണം ഞാന്‍ എല്ലാ അധ്യാപകര്‍ക്കും പരിചിതനായിരുന്നു.. എല്ലാവരും എന്നോട് പരിചിത ഭാവത്തില്‍ പെരുമാറുമായിരുന്നു. എന്ത് പറയാന്‍. പിന്നീട് എന്‍റെ പഠനം ക്ലാസ്സില്‍ ഒന്നാമനാവാന്‍ വേണ്ടിയുള്ളതായിരുന്നു. ആ ഉദ്യമത്തില്‍ ഞാന്‍ തീര്‍ച്ചയായും വിജയിച്ചു. കാരണം പരീക്ഷയായാല്‍ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുന്ന എന്നെ പ്രതീക്ഷിച്ചു എന്‍റെ അമ്മ, വടിയുമായി ഉമ്മറത്തിരിക്കും. അമ്മയുടെ ആ ദിവസത്തെ portions തീര്‍ത്തു കഴിഞ്ഞേ എന്നെ ഉറങ്ങാന്‍ സമ്മതിച്ച്ചിരുന്നിരുന്നല്ലോ ... ചിലപ്പോള്‍ ഭക്ഷണം പോലും...

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാലുടന്‍ അമ്മയുണ്ടാകിവെച്ച കാപ്പിയും കുടിച്ചു അടുത്ത തൊടിയിലേക്ക്‌ കളിയ്ക്കാന്‍ പോകുമായിരുന്നു. ഞാനെത്തുമ്പോഴെക്കും എല്ലാവരും റെഡിയായി നില്‍ക്കുന്നുണ്ടായിരിക്കും.. ഓടിയും ചാടിയും ആര്‍ത്തുല്ലസിച്ചു നേരം സന്ധ്യയാകുമ്പോള്‍ പിന്നെ തിരിച്ചു വീട്ടിലെത്തുവാനുള്ള തിടുക്കമായിരിക്കും. സന്ധ്യക്ക്‌ വീട്ടിലെത്തിയാലുടന്‍ കുളിച്ചു വേഗം പൂജാമുറിയിലേക്ക്. അച്ഛമ്മയും ചേച്ചിയും എന്നെ കാത്തിരിക്കുന്നുണ്ടാവാം.. വിളക്കു കൊളുത്താന്‍.. വിളക്കു കൊളുത്തി കഴിഞ്ഞാല്‍ ചെറിയ കുട്ടികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലത്രേ... ദീപം ദീപം എന്ന് ഉറക്കെ ചൊല്ലി പറമ്പിലെ കിഴക്ക് ഭാഗത്തുള്ള കുങ്കുമതറയിലും ഗുളികനും വിളക്കു കാണിച്ചു തുളസിതറയിലും കാരണവന്മാര്‍ക്കും തിരികള്‍ വെക്കുക പതിവായിരുന്നു. സന്ധ്യദീപവുമായി പോകുന്ന ചേച്ചിയുടെ കൂടെ ഞാനും ഒപ്പം ദീപം ദീപം എന്നേറ്റു ചോല്ലാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ ചേച്ചി ഇല്ലാത്ത സമയങ്ങളില്‍ വിളക്കു കൊളുത്തേണ്ട ഊഴം എന്റെതാകുമായിരുന്നു. സന്ധ്യക്ക്‌ വിളക്കു കൊളുത്തിക്കഴിഞ്ഞേ എന്നും ഇലക്ട്രിക്‌ ബള്‍ബുകള്‍ പ്രകാശിപ്പിക്കാറുണ്ടായിരുന്നുള്ളൂ.. ലൈറ്റ് തെളിച്ചു വാതിലടച്ചു കഴിഞ്ഞാല്‍ പിന്നെ ഉമ്മറവാതില്‍ തുറക്കുന്നത് അച്ഛന്‍ വരുമ്പോഴായിരിക്കും. എത്ര രിയാക്കിയാലും രിയാകാത്ത calling bell ആയതിനാല്‍ വാതിലില്‍ തട്ടുന്നതും കാത്തു ആഴ്ചപ്പതിപ്പും മറിച്ചു നോക്കി ഇരിക്കുമായിരുന്നു അമ്മ. അച്ഛന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ പഠിത്തമൊക്കെ മറന്നു അച്ഛനടുത്തെത്തും. എന്നും ഞങ്ങള്‍ക്കായി കരുതുന്ന പലഹാരപ്പൊതി തട്ടിയെടുക്കാനുള്ള തിടുക്കം. എണ്ണയില്‍ കുതിര്‍ന്ന കടലാസ്സില്‍ പൊതിഞ്ഞ പലഹാരങ്ങളുടെ മണവും രുചിയും ഇന്നെത്ര വാങ്ങിക്കഴിച്ചാലും തിരിക കിട്ടുന്നില്ലെന്ന സത്യം കണ്ണ് നനയിക്കുന്നു..

ആ നാളുകള്‍ എത്ര വേഗം നീങ്ങി. തുഴക്കാരനില്ലാത്ത, തുഴയാനറിയാത്ത ജീവിതനൌകയിലെ യാത്ര.. ഞങ്ങള്‍ ഒരുപാടു ദൂരം എങ്ങോട്ടെന്നില്ലാതെ ഒഴുകി.... ആ ഒഴുക്കില്‍ ഒരുപാട് നഷ്ടങ്ങളും. ഒത്തിരി  ദുഃഖങ്ങളും.

ഒടുക്കം ഞാനൊരു വഴി കണ്ടെത്തി.. പ്രവാസം.. എന്‍റെ കുടുംബ പ്രാരാബ്ധങ്ങളുടെ ഭാരം ഇത്തിരി കുറയ്ക്കുവാന്‍... പക്ഷെ ഈ വഴിയിലും ഒരുപാട് മുള്ളുകള്‍.. കഷ്ടതകള്‍.. വെള്ളി വെളിച്ചങ്ങള്‍.. പകല്‍ സ്വപ്‌നങ്ങള്‍.. സ്വപ്നങ്ങളില്‍ മാത്രം സ്വന്തമാക്കിയിരുന്ന പലതും ഇന്നെന്റെ സ്വന്തം... എന്നോട് കൂട്ടുകൂടാന്‍ ഒത്തിരി പേര്‍.. പലരും പല നാട്ടില്‍ നിന്നും.. സൌഹൃദ ബന്ധത്തിനൊരനതിരുമില്ലെന്ന സത്യം ഞാനിന്നു മനസിലാക്കുന്നു.. ഈ  computerനു മുമ്പിലിരുന്നു തീര്‍ക്കുന്ന ജീവിതം എന്‍റെ അടുത്ത കൂട്ടുകാര്‍ പറയുന്ന പോലെ ചിലപ്പോള്‍ ഒരു ഭ്രാന്താവാം.. മറ്റു ചിലപ്പോള്‍ ഒരു പുതിയ ജീവിതമാവാം...

എന്നോ കണ്ടു മറന്ന മുഖങ്ങള്‍, ഒരു ബെഞ്ചിലിരുന്നു പഠിച്ചു.. നഷ്ടപ്പെട്ടപ്പോള്‍ ഒത്തിരി കരഞ്ഞ പല സൌഹൃദങ്ങളും ഇന്ന് ഞാന്‍ തിരിച്ചു പിടിച്ചിരിക്കുന്നു.. അവരോടു ഞാന്‍ നിശ്ശബ്ധമായി സംസാരിക്കുന്നു.. നീണ്ട വര്‍ഷങ്ങള്‍ക്കു മുമ്പ് വഴി പിര്ഞ്ഞ സഹപാഠിയോടു വീഡിയോ ചാറ്റ് ചെയ്യുന്നു.. നീയെത്ര മാറിപ്പോയെന്ന അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന്.. മൌനമായി നീയും എന്ന് പറഞ്ഞു പുഞ്ചിരിക്കുന്നു... എല്ലാം ഓരോ യോഗം..

എന്തോ അവധി ദിനമായ ഇന്ന് എന്‍റെ ചാറ്റ് ലിസ്റ്റ് മാത്രം ഒഴിഞ്ഞു കിടക്കുന്നൂ. അപ്പോള്‍ തോന്നിയ ഒരു ഭ്രാന്ത് .. രണ്ടു വരി കുറിക്കണമെന്നെ തോന്നിയിരുന്നുള്ളൂ... എന്തൊക്കെയോ എഴുതി..

ഇതാ ഇപ്പോള്‍.. വീണ്ടും എന്‍റെ ചാറ്റ് ലിസ്റ്റ് നിറഞ്ഞിരിക്കുന്നു.. hi  എന്നെഴുതിയ chat boxകള്‍ മിഴി തുറന്നിരിക്കുന്നു...

ഞാന്‍ ഇവിടെ നിര്ത്തുന്നു.. മടങ്ങുന്നു.. എന്‍റെ ലോകത്തിലേക്ക്‌...